കൊച്ചി: എപിസിസിയുടെ 51-ാമത് മന്ത്രിതല ഉന്നത സമ്മേളനം നടക്കുമ്പോള്‍ ആതിഥേയ രാജ്യത്തിലെ മൂന്ന് പ്രമുഖരെ പുരസ്കാരങ്ങള്‍ നല്കി ആദരിക്കും. പൊള്ളാച്ചിയിലെ ഒ.വി.ആര്. സോമസുന്ദരം (തമിഴ്നാട്), ഡോ. കെ.കെ ഹരിദാസ് (കേരളം), സി.ആര്. വിജയകുമാര്‍ (കര്‍ണാടക)എന്നിവരാണവര്‍.
മൂവരും ഇന്ത്യയുടെ നാളികേര മേഖലയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്കിയവരും രാജ്യാന്തര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരുമാണ്. തെങ്ങിനിടയില്‍ ജാതി, കൊക്കോ, കുരുമുളക് എന്നിവ ഇടവിളയായി വളര്‍ത്തി നാളികേര കൃഷി വന്‍ ലാഭകരമാക്കിയ കൃഷിക്കാരനാണ് പൊള്ളാച്ചി താലൂക്കിലെ ഓടക്കയം സ്വദേശിയായ ഒവിആര്‍ സോമസുന്ദരം.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയ സോമസുന്ദരം ഉപരിപഠനത്തിനു പോകാതെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
മരണാന്തര ബഹുമതിയായിട്ടാണ് ഡോ.ഹരിദാസിന് ഈ പുരസ്കാരം സമര്‍പ്പിക്കുന്നത്.
നാളികേര മേഖലയില്‍, പ്രത്യേകിച്ച് വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിന് അദ്ദേഹം നല്കിയ മഹത്തായ സംഭാവനയുടെ പേരിലാണ് ഈ പുരസ്കാരം. കോഴിക്കോട് ജനിച്ച ഡോ.ഹരിദാസിന്റെ കുടുംബവീട് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ്.
1998 ല്‍ കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. അനേകം അന്താരാഷ്ട്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
നാളികേര വികസന ബോര്‍ഡും അമൃത ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് നടത്തുന്ന വിവിധ ഗവേഷണങ്ങളുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററാണ് ഡോ. ഹരിദാസ്. ഭക്ഷണസാധനങ്ങള്‍ തയാറാക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അതിന് എത്രത്തോളം ഹൃദ്രോഗ സാധ്യത ഉണ്ട് എന്നതായിരുന്നു ഗവേഷണം.
സൂര്യകാന്തി എണ്ണയുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹൃദ്രോഗികളെ തന്നെയാണ് പഠനവിധേയമാക്കിയത്. വെളിച്ചെണ്ണയും ഹൃദ്രോഗവുമായി ഒരു ബന്ധവുമില്ല എന്നതായിരുന്നു പഠനഫലം. പക്ഷെ 2012ല്‍ ഗവേഷണം പൂര്‍ത്തിയാകുന്നതിനും മുമ്പെ ഡോ.ഹരിദാസ് മരിച്ചു. ലോകത്ത് ആദ്യമായാണ് വെളിച്ചെണ്ണയെ കുറിച്ച് ഇത്തരത്തില്‍ ഒരു ഗവേഷണം നടന്നത്.
കര്‍ണാടകത്തിലെ മികച്ച നാളികേര കര്‍ഷകനാണ് വിജയകുമാര്‍. ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഫിലിപ്പീന്‍സില്‍ നിന്ന് പുതിയ ഇനം നെല്‍വിത്തിനങ്ങള്‍ കൊണ്ടു വന്നപ്പോള്‍ രാജ്യത്ത് ആദ്യമായി ഐ.ആര് – 8 എന്ന അത്യുത്പാദന ശേഷിയുള്ള നെല്ല് കൃഷി ചെയ്ത കര്‍ഷകനാണ് വിജയകുമാര്‍.
1997 ല്‍ ബാംഗളൂര്‍ താലൂക്കിലെ കൊളുരുവില്‍ അദ്ദേഹം ഭാഗ്യലക്ഷ്മി ഫാംസ് എന്ന പേരില്‍ 3000 നാളികേര വൃക്ഷങ്ങളുള്ള ഒരു കൃഷിയിടം ഉണ്ടാക്കി. നാളികേരത്തിനൊപ്പം 3000 മാവ്, 1000 സപ്പോട്ട, കാപ്പി, ലിച്ചി, റംബുട്ടാന് തുടങ്ങിയവ ഇടവിളയായും നട്ടു വളര്‍ത്തി. നാളികേര വികസന ബോര്‍ഡ്, വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയുടെ വിവധി സമിതികളില്‍ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: