കൊച്ചി: പെട്രോള്‍, ഡീസല്‍ വില കുറഞ്ഞതിനാനുപാതികമായി കേരളത്തില്‍ ഓട്ടോ, ടാക്സി, ബസ് ചാര്‍ജ്ജ്, നിതേ്യാപയോഗ സാധനങ്ങള്‍ തുടങ്ങിയവയുടെ നിരക്ക് കുറയ്ക്കാത്തത് ജനവഞ്ചനയാണെന്ന് കേരളാ കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്മാന് അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. ദല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടായ അഴിമതിയെ വെല്ലുന്നരീതിയില്‍ നാഷണല്‍ ഗെയിംസിനോടനുബന്ധിച്ച് ജനങ്ങളെ കൊള്ളയടിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂത്ത്ഫ്രണ്ട് നാഷണലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് ശരത് മോഹന്റെ നേതൃത്വത്തില്‍ എറണാകുളം ജോസ് ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചുകൊണ്ട് നടത്തിയ കിടപ്പുസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാകോണ്‍ഗ്രസ് നാഷണലിസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് റോയി വാരിക്കാട് മുഖ്യപ്രഭാഷണം നടത്തി. കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് വര്‍ക്കിംഗ് ചെയര്മാന് പി.ടി. എബ്രഹാം, സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ്, ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, ജില്ലാ പ്രസിഡന്റുമാരായ എ.എ.വി. കെന്നഡി, കെ.എ. സൈനുദ്ദീന്‍, ബിജെപി ഭാഷാ ന്യൂനപക്ഷ കണ്‍വീനര്‍ സി.ജി. രാജഗോപാല്‍, പൗളിന് കൊറ്റമം, യൂത്ത്ഫ്രണ്ട് നേതാക്കളായ ടി.പി. അനീഷ്, ശ്രീജിത്ത് ഇല്ലിക്കല്‍, രഞ്ജിത്ത് ചെറുമടത്തില്‍, ടി.പി. സഞ്ജു, ബേബി മാത്യു മാംപ്ലാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് ജംഗ്ഷനില്‍ കിടപ്പുസമരം നടത്തിയ യൂത്ത്ഫ്രണ്ട് നാഷണലിസ്റ്റ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ഈ വിഷയം ഏറ്റെടുത്തുകൊണ്ട് സംസ്ഥാനവ്യാപകമായി യൂത്ത്ഫ്രണ്ട് നാഷണലിസ്റ്റ് തുടര്‍ന്നും പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ശരത് മോഹന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: