കൊച്ചി: മെട്രോ നഗരമായ കൊച്ചി മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അമരുന്നു. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും നടക്കുന്നത് കൊച്ചിയിലാണ്. നക്ഷത്രഹോട്ടലുകളും ആഡംബര നൗകകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ചാണ് ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവും നടക്കുന്നത്. ഉപഭോക്താക്കളില്‍ അധികവും വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് നഗരത്തിലെ ഒരു പ്രമുഖ കോളേജും മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ അകപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയാണുള്ളതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പോലീസ്-എക്സൈസ് സംഘം പേരിന് നടത്തുന്ന ചില റെയ്ഡുകള്‍ മാത്രമാണുള്ളത്. ഇടക്കിടെ ഒറ്റപ്പെട്ട കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടുന്നതല്ലാതെ വന്‍കിട മാഫിയകളെ അമര്‍ച്ചചെയ്യാന്‍ പോലീസിന് ആകുന്നില്ലെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്.
അടുത്തിടെ നിശാപാര്‍ട്ടി നടക്കുന്ന കടവന്ത്രയിലെ നക്ഷത്രഹോട്ടലായ ഡ്രീംസില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു പെറ്റികേസ്പോലും ചാര്‍ജ്ജ് ചെയ്യാതെ ഹോട്ടല്‍ ഉടമയ്ക്ക് ഇനി ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് ഒരു നോട്ടീസ് നല്‍കുകമാത്രമാണുണ്ടായത്. പോലീസ് റെയ്ഡ് ചോര്‍ന്നതിനാല്‍ ഹോട്ടലില്‍നിന്നും കുറച്ച് ലഹരിവസ്തുക്കള്‍ മാത്രമെ പോലീസിന് കണ്ടെത്താനായുള്ളു.
മാസങ്ങള്‍ക്കുമുമ്പാണ് മറൈന്‍ഡ്രൈവില്‍ ആഡംബര നൗകയില്‍നിന്നും മയക്കുമരുന്ന് പിടികൂടിയത്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് പോലീസ് അനേ്വഷണം അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫ്ളാറ്റുകള്‍ ഉള്ളത് കൊച്ചി നഗരത്തിലാണ്. എന്നാല്‍ ഇവയില്‍ മിക്കവയിലും താമസക്കാര്‍ കുറവാണ്. പലതും ചില വാടകയ്ക്ക് എടുത്തിരിക്കുകയാണ്. ഇത്തരം ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്ത്തികളും മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ട്. ഇതേക്കുറിച്ച് രഹസ്യാനേ്വഷണവിഭാഗം ഇടക്കിടെ റിപ്പോര്‍ട്ട് നല്‍കാറുണ്ടെങ്കിലും നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്.
നക്ഷത്രഹോട്ടലുകളിലെ നിശാപാര്‍ട്ടികളിലും സ്മോക്കേഴ്സ് പാര്‍ട്ടികളിലും ആഡംബരനൗകകളില് നടക്കുന്ന നിശാപാര്‍ട്ടികളിലും ഉപയോഗിക്കുന്നത് കൊക്കയിന്, എല്‍എസ്ഡി തുടങ്ങിയ അതിഗുരുതരമായ ലഹരിപദാര്‍ത്ഥങ്ങളാണ്. ഇതില്‍ എല്‍എസ്ഡിയുടെ ഉപയോഗം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ലൈസര്‍ജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നിവയുടെ ചേരുവ ഉപയോഗിച്ചാണ് പേപ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ എത്തുന്നത്. ഇത് നാക്കില്‍ ഒട്ടിച്ചാല്‍ പന്ത്രണ്ട് മണിക്കൂര്‍വരെ ലഹരി നിലനില്ക്കും.
നിശാപാര്‍ട്ടികളില്‍ ഈ ലഹരി വസ്തുവാണ് വ്യാപകമായി ഉപയോഗിക്കുന്നത്. നക്ഷത്രഹോട്ടലുകള്‍ നിശാപാര്‍ട്ടിക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപവരെയാണ് ഈടാക്കുന്നത്. വിദേശികളും ന്യൂജനറേഷന് സിനിമാരംഗത്തുള്ളവരുമാണ് ഇത്തരം പാര്‍ട്ടിയില്‍ കൂടുതലായി പങ്കെടുക്കുന്നത്.
ഗോവ,ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമാണ് കൊച്ചിയിലേക്ക് മയക്കുമരുന്ന് ഒഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: