ചാത്തന്നൂര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമം ചോദ്യംചെയ്തതിന് കുമ്മല്ലൂരില്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ അഴിഞ്ഞാടി. നെടുമ്പന വെളിച്ചിക്കാല സ്വദേശികളായ ആറംഗ ഗുണ്ടാസംഘം പിടിയിലായി.
വെളിച്ചിക്കാല സിയാദ് മന്‍സിലില്‍ നിയാസ് (28), വെളിച്ചിക്കാല ഷംലാ മന്‍സിലില്‍ ഷംനാദ്(25), വെളിച്ചിക്കാല സബില മന്‍സിലില്‍ അന്‍സാരി(25), കുണ്ടുമണ്‍ ജവാദ് മന്‍സിലില്‍ ജവാദ്(23), വെളിച്ചിക്കാല പ്ലാച്ചിപൊയ്കയില് അജിന്(25), വെളിച്ചിക്കാല തെങ്ങുവിള പുത്തന്‍വീട്ടില്‍ ഷമീര്‍(27) എന്നിവരാണ് പിടിയിലായത്.
അക്രമിസംഘം കുമ്മല്ലൂര്‍ തോണിക്കടവ് ഭാഗത്ത് ഇത്തിക്കരയാറ്റില്‍ സ്ത്രീകള്‍ കുളിക്കുന്നതും തുണിയലക്കുന്നതും തടസ്സപ്പെടുത്തുകയും പരസ്യമായി മദ്യപിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തവരെ കൈയേറ്റം ചെയ്യുകയും കടകള്‍ അടിച്ചുതകര്‍ക്കുകയും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വയോധികര്‍ ഉള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിക്കുകയും വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സംഘം എത്തിയപ്പോള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ അക്രമികള്‍ ശ്രമിച്ചു. ഇവരെ പിന്തുടര്ന്നാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയിലായിരുന്ന സംഘം പോലീസിനെയും ആക്രമിച്ചു
പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്പ്പെട്ടവരും ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരുമാണ്.
ഒന്നാംപ്രതി നിയാസ് ചാത്തന്നൂര്‍ പോലീസ് ചാര്‍ജ് ചെയ്ത ഒരു വധശ്രമക്കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
ചാത്തന്നൂര്‍ എസിപി എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: