ഒന്ന്: ചാനല്‍ ചര്‍ച്ച
കുരുതിക്കളം തീര്‍ത്തു നീളുന്ന പാതകള്‍.
അരുമബാല്യം ഭിക്ഷതെണ്ടും തെരുവുകള്‍.
കഴുകുകള്‍ കൊത്തിപ്പറിച്ച പെണ് ജന്മങ്ങള്.
ദുരനൃത്തമാടും മദാലസവേഷങ്ങള്.
കുടിലും കുടിനീരുമറ്റുകേഴുന്നവര്.
പടരും വിലക്കയറ്റത്തിന് ചിതാഗ്നികള്….
പരിഹാരമുണ്ടിവയ്ക്കെല്ലാം; ടെലിവിഷന്‍
നിറയുന്ന ചാനലിന് ചര്‍ച്ച-വേറെന്തു താന്‍….?
രണ്ട്: ഉദ്ഘാടന മന്ത്രി
മന്ത്രി വൈകീടുന്നു വേദിയിലെത്തുവാന്
വെന്തുരുകീടുന്നുവെയ്ലേറ്റു കുട്ടികള്‍…
അങ്കണത്തില്‍ താലമേന്തിയോര്; വാടിയ-
ചെമ്പകപ്പൂക്കളായ് വീണുകരിയവേ,
മന്ത്രിയെത്തീടുന്നു സ്കൂളില്‍; ഭര്‍ത്സിക്കുന്നു
പൊന്താലമെങ്ങ്? ആര്‍പ്പ് ഘോഷം? ജ്വലിക്കുന്നു!
വൈകി ഞാന്‍ ബാര്‍ ഹോട്ടല്‍ ഉദ്ഘാടനത്തിര-
ക്കയ്യോ ഗംഭീരമീ സ്കൂളേ മറന്നുപോയ്…..
മൂന്ന്: രാഷ്ട്രീയ ക്രിമിനല്‍
പഠിപ്പിനൊത്തൊരു തൊഴില്തെണ്ടിത്തളര്-
ന്നവശനായി ഞാന്‍- പിതാവേ,യിന്നു നീ
ഉയര്ത്തുകെന്നെയാജയിലിലെ സ്വര്‍ഗ-
സുഖദജീവിത സ്വതന്ത്രവേദിയില്‍!
പണിയെടുക്കേണ്ട; സമൃദ്ധഭക്ഷണം.
ലഹരി; മുന്തിയമൊബേലും ഫെയ്സ്ബുക്കും….
ഭയം വേണ്ട;യെന്നെനയിച്ചാലും, വിശ്വ-
പിതാവേ, രാഷ്ട്രീയ ക്രിമിനലായി നീ…..’!
നാല്: എല്ലാം കഴിയട്ടെ
തളച്ചീടു, കൊടുംകൊളളപ്പലിശക്കാരെ.
”ഒരു കൂട്ടമരണവും അരങ്ങേറട്ടെ.”
ഒതുക്കീടു വിഷമദ്യച്ചെകുത്താന്മാരെ
”പെരും മദ്യദുരന്തങ്ങള്‍ കഴിഞ്ഞീടട്ടെ….”
അകറ്റീടു മഹാരോഗപ്പകര്ച്ചക്കാരെ.
”ദരിദ്രന്മാര് തുലഞ്ഞേറെ വെടിപ്പാകട്ടെ….”
ഉരച്ചീടു പ്രതിക്രിയയ്ക്കമാന്തമെന്തേ?
”ജനസേവപ്പരസ്യത്തിന് വഴിവേറെന്തേ?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: