ആനക്കര: ശുകപുരം അതിരാത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് 20മുതല്‍ ശുകപുരം സഫാരി മൈതാനിയിലാണ് അതിരാത്രം നടക്കുന്നത്. അതിരാത്രത്തിനുള്ള സ്രുക്കുകള്‍ (ഹോമപാത്രങ്ങളുടെ) നിര്‍മാണം നാറാസ് മനയില്‍ ആരംഭിച്ചു.
ശുകപുരം ദക്ഷിണമൂര്‍ത്തി പരിസരത്ത് നടക്കുന്ന അതിരാത്രത്തിലേക്കായി വിവിധയിനം മരങ്ങള്‍ കൊണ്ടുള്ള പൂജാപാത്രങ്ങളാണ് വിദഗ്ധ തച്ചന്‍മാരുടെ നേത്യത്വത്തില്‍ ഉണ്ടാക്കുന്നത്. യാഗശാലയിലെ വിവിധ ഋത്വിക്കുകളുടെ പേരുകളിലുള്ളതടക്കം 50 ലേറെ ഹോമപാത്രങ്ങളാണ് നിര്‍മിക്കുന്നത്. പ്ലാവ്, അത്തി, പേരാല്‍, അരയാല്‍, കൂവളം, കരിങ്ങാലി, പയ്യങ്കത തുടങ്ങിയ ഔഷധ സസ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ദ്രോണകലശം, ഐന്ദ്രവായവം, പ്രാജപത്യം, ഇഡ, ബ്രാഹ്മന്‍, യജമാന്‍, നേഷ്ടന്‍, ഉപാശുപാത്രം, ജുഹു, ദാരുപാത്രം തുടങ്ങിയ പൂജാപാത്രങ്ങളാണ് ഉണ്ടാക്കുന്നത്.
കവുപ്രമാറത്ത് ശങ്കരന്‍നമ്പൂതിരി, കേശവന്‍നമ്പൂതിരി, ഡോ. നാറാസ് ഇട്ടിരവി നമ്പൂതിരി എന്നിവരുടെ നിര്‍ദേശാനുസരണം തച്ചുശാസ്ത്രവിദഗ്ധരും സഹോദരങ്ങളുമായ കോട്ടപ്പറമ്പില്‍ രാധാകൃഷ്ണന്‍, വിജയന്‍, ശ്രീകുമാര്‍, രാജീവ് എന്നിവരാണ് പൂജാപാത്രനിര്‍മാണം നടത്തുന്നത്.
അതിരാത്രത്തിനായുള്ള സ്വാഗതസംഘ രൂപവത്കരണയോഗം ഞായറാഴ്ച വൈകീട്ട് യജ്ഞശാലയ്‌ക്ക് സമീപം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: