കൊല്ലം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ വിശദമായി ധരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്. കേരളത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. ഇവയ്ക്കെല്ലാം പരിഹാരം കാണാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നതായിരിക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രവാസിസെല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളില്‍ പല കേസുകളില്‍ കുടുങ്ങിപ്പോയ മലയാളികളെ സഹായിക്കാന്‍ വേണ്ടത്ര താല്പര്യം സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നില്ല. ജയചന്ദ്രന് മൊകേരിയും വര്‍ക്കല റുബീനയും കോട്ടയം രാജേഷുമെല്ലാം ഇതിന് തെളിവാണ്. ചെറിയ വീഴ്ചകളുടെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവരുന്ന പ്രവാസി മലയാളികളുടെ ജീവിതദുരിതം ശക്തമായ ഇടപെടലിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ചിന്നക്കട സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ബിജെപി പ്രവാസിസെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഏറിയപങ്കും പ്രവാസിമലയാളികളുടേതാണ്. ഇത്രയും പ്രാധാന്യമുള്ള മേഖലയായിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നത് ശക്തമായി നേരിടേണ്ടതാണ്.
ജീവിതകാലം മുഴുവന്‍ മണലാരണ്യത്തില്‍ പണിയെടുക്കുന്ന പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവരുടെ ജീവിതം പിന്നീട് ഭദ്രമാക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാസെക്രട്ടറി സുജിത് സുകുമാരന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനസെക്രട്ടറിമാരായ ബി.രാധാമണി, രാജീവ് പ്രസാദ്, ബിജെപി ദക്ഷിണമേഖലാ സംഘടനാസെക്രട്ടറി ജി.ഗോപിനാഥ്, ജില്ലാപ്രസിഡന്റ് എം.സുനില്‍, പ്രവാസി വ്യവസായിയും ഐമാള്‍ ഉടമയുമായ ഐ.അബ്ദുള്‍ റഹിം, വെള്ളിമണ്‍ ദിലീപ്, എസ്.ദിനേശ്കുമാര്‍, സുഭാഷ് ചന്ദ്രബോസ്, ഉദയന്‍, പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.
മോദി പ്രവാസിയുടെ യശസുയര്‍ത്തി
കൊല്ലം: ജീവിതം പൊങ്ങുതടിപോലെ കരുതിയിരുന്ന പ്രവാസി ഭാരതീയരുടെ വിലയും യശസും ഉയര്‍ത്തിയ സര്‍ക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് പ്രവാസി വ്യവസായിയും ഐമാള്‍ ഉടമയുമായ ഐ.അബ്ദുള്‍ റഹിം. കൊല്ലത്ത് ബിജെപി പ്രവാസിസെല്ലിന്റെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറിമാറിവന്ന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. നിരവധി ക്ഷേമപദ്ധതികളുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നുവരെ പ്രാവര്‍ത്തികമായിട്ടില്ല. മറ്റ് പ്രവാസി ഭാരതീയരെ അപേക്ഷിച്ച് തീര്‍ത്തും യാചകതുല്യരാണ് പ്രവാസിമലയാളികള്‍. അവരിന്ന് ഇന്ത്യക്കാരനെന്ന് അഭിമാനിക്കുന്നു. ആര്‍ഷഭാരത സംസ്കാരത്തെ ലോകം അറിഞ്ഞുതുടങ്ങിയതിലും അറബികള്‍ തങ്ങളെ അംഗീകരിക്കുന്നതിലും മലയാളികള്‍ ഇന്ന് അഭിമാനിക്കുന്നു. അധികാരരാഷ്ട്രീയത്തില്‍ രക്തസാക്ഷികളാകുന്ന പ്രവാസികള്‍ ഇതിനൊരു മാറ്റം കണ്ടത് നരേന്ദ്രമോദിയുടെ ഭരണം വന്നതിനുശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: