തിരുവനന്തപുരം: തനിക്ക് നല്ലനടപ്പ് വിധിച്ച യുഡിഎഫിനെ വെല്ലുവിളിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചും ആര്. ബാലകൃഷ്ണ പിള്ള തുറന്ന പോരിനിറങ്ങി. യുഡിഎഫ് നാലു വര്‍ഷമായി എന്നോട് നീതികേട് കാട്ടുന്നു. അഴിമതിക്കെതിരെ പോരാടിയതിന്റെ പേരില്‍ പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെ. ബാര്‍കോഴക്കേസില്‍ കെ.എം. മാണി മാത്രമല്ല വേറെയും മന്ത്രിമാരുണ്ട്, പിള്ള വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
ബിജു രമേശ് പറഞ്ഞതിലും കൂടുതല്‍ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിക്കറിയാം. ബിജു പറഞ്ഞതിനേക്കാളും വലിയ പരാതികള്‍ സെപ്തംബര്‍ 28ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും പിള്ള വെളിപ്പെടുത്തി. വാര്‍ത്താസമ്മേളനത്തിലുടനീളം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.
ഉമ്മന്‍ചാണ്ടി എന്നോട് നീതികേടാണ് കാട്ടിയത്. നാലു കൊല്ലമായി കേരളാ കോണ്‍ഗ്രസി(ബി)നോട് ചെയ്യുന്ന തെറ്റുകള്‍ തിരുത്തിയിട്ടു വേണം ഉപദേശിക്കാന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വാക്ക് പാലിക്കാതെ അവഹേളിച്ചു. യുഡിഎഫും മുഖ്യമന്ത്രിയും അതിനൊക്കെ മറുപടി പറയണം. കഴിഞ്ഞദിവസത്തെ മുന്നണി യോഗത്തില്‍ എന്നെ വിളിക്കാതിരുന്നതും ഏറ്റവും വലിയ പിഴയാണ്. ഇനി ഞാന്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല. ഗണേഷിന് ഇനി മന്ത്രിസ്ഥാനവും വേണ്ട. ഉമ്മന്‍ചാണ്ടി പറഞ്ഞപ്രകാരം, ഗണേഷിനെ മന്ത്രിയാക്കാന്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതി. ഗണേഷിനെ മന്ത്രിയാക്കാന്‍ യുഡിഎഫ് ഉമ്മന്‍ചാണ്ടിയെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടി വഞ്ചിച്ചു.
പിള്ള തെറ്റുതിരുത്തണമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ ഉപദേശം. തെറ്റ് ആദ്യം തിരുത്തേണ്ടത് മുന്നണി നേതാക്കളാണ്. തങ്കച്ചന് വെറും ചാവേര്‍ മാത്രം. അഴിമതിക്കാരനായ ഒരു മന്ത്രിയെക്കുറിച്ച് രണ്ടുകൊല്ലം മുന്‍പ് യുഡിഎഫ് യോഗത്തില്‍ അക്കമിട്ട് ആരോപണം ഉന്നയിച്ചിരുന്നു. അപ്പോള്‍ പരാതി എഴുതിക്കൊടുക്കാന്‍ നിര്‍ദേശിച്ചു. രണ്ടു മന്ത്രിമാര്‍ക്കെതിരായ പരാതി രണ്ടുപ്രാവശ്യമായി മുഖ്യമന്ത്രിക്ക് എഴുതിനല്‍കി. അതിനുള്ള മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. യുഡിഎഫിനെ നട്ടു നനച്ച് വളമിട്ട് വളര്‍ത്തി മുന്നോട്ടുകൊണ്ടുവന്നയാളാണ് ഞാന്‍. എന്നിട്ടും തന്റെ പരാതി ഉമ്മന്‍ചാണ്ടി പുച്ഛത്തോടെ തള്ളിയെന്നും ബാലകൃഷ്ണ പിള്ള കുറ്റപ്പെടുത്തി. പത്ത് കൊല്ലമായി ഉമ്മന്‍ചാണ്ടിയുമായി നല്ല ബന്ധത്തിലല്ല. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ എന്‍എസ്എസിന്റെ അംഗീകാരം വാങ്ങാന്‍ പോയപ്പോള്‍ ഇത്രയും വലിയ അപകടം ഉണ്ടാവുമെന്ന് കരുതിയില്ല. എ.കെ. ആന്റണി രാജിവയ്ക്കുന്നതിനു മുന്‍പുതന്നെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചിരുന്നെന്നും പിള്ള ആരോപിച്ചു.
ബാര്‍കോഴക്കേസ് അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചാല്‍ ആദ്യം അവരോട് കാര്യങ്ങള്‍ തുറന്നുപറയുന്നയാള്‍ ഞാനായിരിക്കും. മാണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. അഴിമതിക്കെതിരെയാണ് രംഗത്തെത്തിയത്. വാളകം കേസില്‍ കാറിടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടും സിബിഐ അന്വേഷണത്തിലൂടെ നാലരവര്‍ഷം തന്നെ സംശയത്തിന്റെ നിഴലിലാക്കിയ ഉമ്മന്‍ചാണ്ടി എന്തുകൊണ്ടാണ് ധനമന്ത്രിക്കെതിരായ ഗുരുതരമായ കോഴയാരോപണത്തില്‍ സമാന നടപടിക്ക് മുതിരാത്തതെന്നും പിള്ള ചോദിച്ചു.
ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ സലീമിനെ കാണാന്‍ സകല മാണിക്കാരും വന്നു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആണുങ്ങളെല്ലാം ഒരുമിച്ചുനില്‍ക്കും. ആറന്മുള വിമാനത്താവളത്തിനായി കാശുവാങ്ങിയ വിരുതന്മാരാണ് ചാനല്‍ ചര്‍ച്ചകളില്‍ പിള്ളക്കെതിരെ മൊഴിയുന്നത്. പാര്‍ത്ഥസാരഥി ക്ഷേത്രം പുണ്യപുരാതനമാണ്. അതിന്റെ ഗോപുരം പൊളിച്ച്, കൊടിമരം മുറിച്ച് വിമാനത്താവളം ഉണ്ടാക്കണമെന്ന് പറയുന്നവരോട് എനിക്ക് പുച്ഛമാണ്. യുഡിഎഫില്‍ നില്‍ക്കേണ്ടി വന്ന ഗതികേടുകൊണ്ട് ആറന്മുള സമരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. ബോംബിട്ടാലും ഓലപ്പടക്കമാണെന്നു പറയുന്നവര്‍ക്കിടയില്‍ കേസ് കൊടുത്തിട്ട് എന്തുകാര്യം. അഴിമതിക്കാരനായ മന്ത്രിയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചവരുടെ ഇടയില്‍ ബോംബ് വീണാലും എന്താണ് പ്രശ്നം. മാണി പണം വാങ്ങിയെന്ന് തെളിവില്ല. ആരോ കോഴ വാങ്ങി. അതില്‍ പല വകുപ്പും വരാം. ഷാപ്പ്, ക്വാറി, ബേക്കറി ഉടമകളില്‍ നിന്നും പണം പിരിച്ചിട്ട് എവിടെ കൊടുത്തെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: