കോട്ടയം: റബര്‍ബോര്‍ഡും ഈ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബര്‍ മീറ്റ് മാര്‍ച്ച് നാലിന് കൊച്ചി ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് ഉദ്ഘാടനം ചെയ്യും.
പരിമിതവിഭവങ്ങള്‍-അനന്തസാധ്യതകള്‍’എന്നതായിരിക്കും ഐആര്‍എം 2015-ന്റെ വിഷയം. സുസ്ഥിര റബര്‍’എന്ന ലക്ഷ്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യവും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. റബര്‍മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക, വാണിജ്യ വിഷയങ്ങള്‍, റബറിന്റെ ഭാവി, സാങ്കേതിക വിഷയങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കി രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധര്‍ സംസാരിക്കും.
സമ്മേളനത്തിന്റെ ആദ്യദിവസം രാജ്യാന്തരതലത്തില്‍ നടത്തുന്ന പാനല്‍ചര്‍ച്ചയില്‍ റബര്‍ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് അദ്ധ്യക്ഷത വഹിക്കും. രണ്ടാം ദിവസം ദേശീയതലത്തില്‍ നടത്തുന്ന പാനല്‍ ചര്‍ച്ചയുണ്ടായിരിക്കും. റബര്മീറ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പതിനായിരം രൂപയാണ് രജിസ്ട്രേഷന് ഫീസ്.
ഫെബ്രുവരി 15-നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ 7500 രൂപ അടച്ചാല്‍ മതിയാകും. ചെറുകിട റബര്‍കര്‍ഷകര്‍ക്ക് 3500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiarubbermeet.in’- എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: