ഇടുക്കി: സോളാര്‍ക്കേസ്, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, അത്ഭുത സിദ്ധിയുള്ള ലോഹം നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്,,,, ഇത്തരം വഞ്ചനക്കേസുകള്‍ സംസ്ഥാനത്ത് വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് പോലീസിന്റെ കണക്ക്.
2014 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 5408 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 420 ഐപിസി പ്രകാരം കേസ് എടുക്കേണ്ടവയാണ് ഈ കേസുകള്‍. 2014ലാണ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്.
ചെക്കുകേസ് മുതല്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസുവരെ വഞ്ചന കേസില്‍പ്പെടുന്നു. കുറ്റം തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണിത്. ഒരാളെ കരുതിക്കൂട്ടി വഞ്ചിച്ചതായി തെളിവുനിരത്തിയാലേ വഞ്ചന കേസിലെ പ്രതി ശിക്ഷിക്കപ്പെടുകയുള്ളൂ. നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെങ്കിലും അമ്പത് ശതമാനം കേസുകളിലേ ശിക്ഷ ഉണ്ടാകുന്നുള്ളൂ. കൃത്യമായ തെളിവുകളുടെയും രേഖകളുടേയും അഭാവം, സാക്ഷികളില്ലായ്മ, പോലീസിന്റെ അനാസ്ഥ എന്നിവയടക്കം പല കാരണങ്ങളാണ് കേസുകളില്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിന് കാരണം.
കേസുകള്‍ കോടതിയില്‍ നിന്നും വിട്ടുപോകുമെന്ന് അറിയാവുന്നതിനാലാണ് പലരും വഞ്ചനയ്ക്ക് തയ്യാറാകുന്നത്. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും പലപ്പോഴും വഞ്ചനക്കേസുകള്‍ എടുക്കുന്നതു തന്നെ പരാതിക്കാരന് നല്കുന്ന കേസിലുണ്ടാകുന്ന കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്. പോലീസ് അന്വേഷിക്കുന്ന പല കേസുകളും ഫയലില്‍ ഉറങ്ങുന്ന സ്ഥിതിയുമുണ്ട്. 2008 കാലഘട്ടത്തില്‍ 3659 കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. തൊട്ടടുത്തവര്‍ഷം കേസുകളുടെ എണ്ണം 3394 ആയി കുറഞ്ഞു. 2010ല്‍ 3581, 2011ല്‍ 5155, 2012ല്‍ 4681, 2013ല്‍ 4841, എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.
കുറഞ്ഞ മുതല്‍ മുടക്കില്‍ അമിതലാഭവും വലിയ ശമ്പളമുള്ള ജോലിയും ചുളവില്‍ കോടികളുടെ നേട്ടവും എല്ലാം പ്രതീക്ഷിച്ച് പ്രലോഭനങ്ങളില്‍ കുടുങ്ങി കൈയിലുള്ള പണമെല്ലാം വല്ലവര്‍ക്കും നല്കുന്നവര്ക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഈ കണക്ക്. ലക്ഷങ്ങള്‍ മുടക്കിയാല്‍ കോടികള്‍ കൊയ്യാമെന്ന് കണക്കുകൂട്ടിയാണ് പലരും വന്‍തോതില്‍ സോളാര്‍ പാനലുകള്‍ വയ്ക്കാന്‍ സരിതയ്ക്ക് പണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: