തിരുവനന്തപുരം: സര്‍ക്കാരിനെയും മുന്നണിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടും അടിയന്തര യുഡിഎഫ് യോഗത്തില്‍ ആര്. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ നടപടിയുണ്ടായില്ല. മന്ത്രി മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആര്. ബാലകൃഷ്ണപിള്ളയ്ക്കും മുന്നണിയെ പ്രതിരോധത്തിലാക്കിയ പി.സി. ജോര്‍ജിനെതിരെയും നടപടിയെടുക്കാനാണ് ഇന്നലെ അടിയന്തര യുഡിഎഫ് യോഗം ചേര്‍ന്നത്.
എന്നാല്‍ പിള്ളയെയും ജോര്‍ജിനെയും പിണക്കാതെ നല്ല നടപ്പിന് വിധിച്ച് യോഗം പിരിഞ്ഞു. ആര്. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണത്തിലെ പല ആരോപണങ്ങളോടും യുഡിഎഫിന് യോജിക്കാന്‍ കഴിയില്ലെന്നും മുന്നണി മര്യാദയ്ക്ക് യോജിക്കാത്തതാണ് പിള്ള ചെയ്തതെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിള്ളയെപ്പോലെ ഒരു മുതിര്‍ന്ന നേതാവ് മറ്റൊരു ഘടകകക്ഷി നേതാവിനെതിരെ ആരോപണമുന്നയിക്കാന്‍ പാടില്ലായിരുന്നു. ഒഴിവാക്കേണ്ടതായിരുന്നു ഇത്. യുഡിഫ് ഇക്കാര്യത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ പിള്ളയ്ക്കെതിരെ നടപടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കാന് തങ്കച്ചന് തയ്യാറായില്ല.
യുഡിഎഫിന്റെ പൊതു വികാരം കണക്കിലെടുത്ത് ആരോപണങ്ങളില്‍ നിന്ന് അദ്ദേഹം പിന്മാറണം. അദ്ദേഹം മുന്നണിയില്‍ തുടരും. ബാലകൃഷ്ണപിള്ളയോ പി.സി. ജോര്‍ജോ നടത്തിയ ആരോപണങ്ങളില്‍ ഖേദപ്രകടനം വേണമെന്ന് പറഞ്ഞിട്ടില്ലെന്നും പി.പി. തങ്കച്ചന് പറഞ്ഞു. മാണിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചില തെറ്റിദ്ധാരണകള്‍ മൂലമാണ് താനങ്ങനെ പറഞ്ഞതെന്നാണ് പി.സി. ജോര്‍ജ് നല്കിയ വിശദീകരണം.
യുഡിഎഫ് യോഗത്തിന് മുമ്പ് പി.സി. ജോര്‍ജിനെ ക്ലിഫ് ഹൗസില്‍ വിളിച്ച് വരുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.പി. തങ്കച്ചനുമടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: