തിരുവനന്തപുരം: ആയുര്‍വേദം അടക്കമുള്ള തനതു വൈദ്യശാസ്ത്രശാഖകളുടെ മുഖ്യധാരാവല്‍ക്കരണം പ്രധാന ലക്ഷ്യമാക്കിക്കൊണ്ടുള്ള ദേശീയ ആരോഗ്യനയം രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. ഇതിനെ അട്ടിമറിക്കുന്നതിന് ആരോഗ്യ രംഗത്തെ ചില സ്ഥാപിത താല്പര്യക്കാര് രംഗത്തിറങ്ങിയിരിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയേണ്ടതാണെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി രജിത് ആനന്ദ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഏതു ചികിത്സാശാസ്ത്രശാഖയാണ് സ്വീകരിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും തുല്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ഇത് നിറവേറ്റുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അലോപ്പതി വൈദ്യശാസ്ത്രമേഖലയിലെയും ഔഷധനിര്‍മ്മാണ മേഖലയിലെയും കമ്പോളവല്ക്കരണം അമിതമായ ഔഷധ ഉപയോഗത്തിനും അനാവശ്യ സര്‍ജറിയടക്കമുള്ള ചികിത്സാ രീതികള്‍ അലോപ്പതി മാത്രമാണ് സര്‍ക്കാരുകള്‍ ഇതുവരെ ഉപയോഗിച്ചു വന്നത്.
എന്നിട്ടും നമ്മുടെ സമൂഹത്തില്‍ രോഗാതുരത ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്. രണ്ടായിരമാണ്ടോടെ എല്ലാവര്ക്കും ആരോഗ്യം എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയാത്തതുമൂലമാണ് പരമ്പരാഗത വൈദ്യശാസ്ത്രങ്ങളെ പൊതുജനാരോഗ്യ സംവിധാനത്തില്‍ ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയത്. അതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദത്തെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. സങ്കുചിതമായ തൊഴില്‍പരമായ താല്പര്യങ്ങള്ക്കപ്പുറം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വിശാലമായ താല്പര്യം ആരോഗ്യമേഖലയിലെ സംഘടനകള്‍ പുലര്‍ത്തേണ്ടതാണ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പല ആരോഗ്യ പരിപാടികളും ആരോഗ്യമേഖലയിലെ സങ്കുചിതമായ പല താല്പര്യങ്ങളും മൂലം കേരളത്തിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. നാഷണല്‍ ഹെല്‍ത്ത് മിഷനിലടക്കം തികച്ചും അനാരോഗ്യകരമായ പ്രവണതകളാണ് അലോപ്പതി ഉന്നത അധികാരികള്‍ വച്ചു പുലര്‍ത്തുന്നത്. ഇത്തരം വിവേചനം അവസാനിപ്പിക്കുന്നതിന് പുതിയ ആരോഗ്യ നയം സഹായകമാകും. കോളനിവല്‍ക്കരണത്തിലൂടെ നഷ്ടമായ ആയുര്‍വേദത്തിന്റെ പ്രതാപം, ഭാരതീയമായ അറിവുകളെ പരിപോഷിപ്പിക്കുന്ന കേന്ദ്രനയത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയുമെന്നും ദേശീയ വൈദ്യ സമ്പ്രദായമായി ആയുര്‍വേദത്തെ പ്രഖ്യാപിക്കുമെന്നും അസോസിയേഷന് പ്രതീക്ഷിക്കുന്നതായി രജിത് ആനന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: