തിരുവനന്തപുരം: കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പാര്‍ലിമെന്റും, സംസ്ഥാന നിയമസഭകളും വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്ന് സിആന്റ്എജി ശശികാന്ത് ശര്‍മ്മ. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ഗുഡ് ഗവര്ണന്സ് ആന്റ് പബ്ലിക് ഓഡിറ്റിംഗ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം 35നും 40നുമിടയിലുള്ള റിപ്പോര്‍ട്ടുകളാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമായി സി ആന്റ് എ ജി തയ്യാറാക്കി സമര്‍പ്പിക്കുന്നത്. പലപ്പോഴും ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിര്‍ണായക സാമ്പത്തിക ഇടപാടുകളില്‍ നിന്ന് രാജ്യത്തെ പൊതുമേഖല പിന്നാക്കം പോകുന്നതായും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്ധിക്കുന്നതുമായാണ് കാണുന്നത്. രാജ്യത്തിന്റെ പൊതു വിഭവങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ മേഖല ലാഭം ഉണ്ടാക്കുകയും എന്നാല്‍ ഇതിന്റെ വിഹിതം രാജ്യത്തെ ഖജനാവിലേക്ക് ലഭിക്കാതെ പോവുകയുമാണ് ചെയ്യുന്നത്. സ്പെക്ട്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ കണക്ക് പരിശോധിക്കണമെന്ന ആവശ്യം സി ആന്റ് എജി മുന്നോട്ട് വെച്ചപ്പോള്‍ ഇതിനെ എതിര്‍ക്കുകയാണ് കമ്പനികള്‍ ചെയ്തത്.
ഇത്തരത്തില്‍ ജനങ്ങളുടെ നികുതിപ്പണം സര്‍ക്കാര്‍ എപ്രകാരം ഉപയോഗിക്കുന്നുവെന്നും ഇവ ഉപയോഗിച്ച് തയ്യാറാക്കിയ പദ്ധതികള്‍ ക്രമപ്രകാരമായാണോ നടപ്പിലാക്കുന്നതെന്നും വിശകലനം ചെയ്യുകയുമാണ് സി ആന്റ് എജി ഓഡിറ്റിലൂടെ ചെയ്യുന്നത്പൊതുവിഭവങ്ങള് ചൂഷണം നടത്തുകയും അതുവഴിയുള്ള വരുമാനം സര്‍ക്കാറുമായി പങ്കുവെക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയെന്നതാണ് സിആന്റ്എജി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
മല്‍സരങ്ങളുടെ സ്വഭാവത്തെ വളച്ചൊടിക്കുകയും പൊതുവിഭവങ്ങള്‍ ചൂഷണം ചെയ്ത് അവയുടെ വിനിയോഗം ഇല്ലാതാക്കുകയും ചെയ്യുന്നവരുമാണെന്ന ആരോപണം നേരിടുന്നവയാണ് മിക്ക കോര്‍പ്പറേറ്റ് ഭീമന്മാരും. പെട്രോളിയം വാതക ഉല്‍പ്പന്നങ്ങളും സ്പെക്ട്രവും ഉള്‍പെടെയുള്ള പൊതുവിഭവങ്ങള്‍ സര്‍ക്കാറുമായി പങ്കിട്ട് ചുങ്കം പിരിക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ദോഷമേ സൃഷ്ടിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. ആസൂത്രബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, അണ്ടര്‍ സെക്രട്ടറി ഡോ. അനുരാധ ബലറാം, വിജയരാഘവന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: