കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് എം.എ.ബേബി പകരംവീട്ടിയത് സിപിഎം ജില്ലാസെക്രട്ടറിയാകാന് കച്ചകെട്ടിയിരുന്ന പി.രാജേന്ദ്രനോട്. ബേബിയുടെ ഭീഷണിക്കു വഴങ്ങിയ പാര്‍ട്ടി നേതൃത്വം വാഗ്വാദങ്ങള്‍ക്കിടെ കെ.എന്‍.ബാലഗോപാലിനെ ജില്ലാസെക്രട്ടറിയാക്കുകയായിരുന്നു. ഇന്നലെ അവസാനിച്ച സിപിഎം ജില്ലാസമ്മേളനത്തിലാണ് നാടകീയത നിറഞ്ഞ രംഗങ്ങള്‍ ഉണ്ടായത്.
ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് വെട്ടിനിരത്തലും മേല്വെട്ടും നടത്തിയെങ്കിലും പാര്‍ട്ടി വിടുമെന്ന എം.എ.ബേബിയുടെ ഭീഷണിക്കുമുന്നില്‍ നേതൃത്വം ഒന്നടങ്കം പഞ്ചപുച്ഛമടക്കുകയായിരുന്നു.
പി.രാജേന്ദ്രനാണ് പുതിയ ജില്ലാസെക്രട്ടറിയെന്ന് ഏതാണ്ട് ഉറപ്പായിരിക്കെയാണ് എം.എ.ബേബി വാളെടുത്തത്. ഒടുവില്‍ ഇന്നലെ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ പി.രാജേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചതോടെ എം.എ.ബേബി ചാടിവീഴുകയായിരുന്നു.
വികാരഭരിതനായി ഉച്ചത്തില്‍ സംസാരിച്ച ബേബി തന്റെ തോല്‍വിക്ക് കാരണക്കാരന്‍ രാജേന്ദ്രനാണെന്ന് തുറന്നടിച്ചു. അതല്ല രാജേന്ദ്രനെ സെക്രട്ടറിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിവിട്ട് താന്‍ പോകുമെന്ന് ബേബി ഭീഷണി ഉയര്‍ത്തി. പോകുന്നത് താന്‍ മാത്രമല്ലെന്നും ബേബി ഭീഷണി സ്വരത്തില്‍ പറഞ്ഞതോടെ യോഗത്തിലുണ്ടായിരുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം ഞെട്ടി. ഏറെ നേരം ചേരിതിരിഞ്ഞ് നടത്തിയ വാഗ്വാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഒടുവില്‍ പകരം ആരെ സെക്രട്ടറിയാക്കണം എന്ന് നിര്‍ദ്ദേശിക്കാനുള്ള നറുക്ക് ബേബിക്ക് തന്നെ വീണു.
ഇതിനിടെ സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ.വരദരാജന് സെക്രട്ടറിയാകാന്‍ തയ്യാറായി രംഗത്തുവന്നെങ്കിലും വിഎസ് വിഭാഗത്തെ ശക്തയായ ജെ.മേഴ്സിക്കുട്ടിയമ്മ വരദരാജനെതിരെ മത്സരിക്കുമെന്ന് പരസ്യമായി പറഞ്ഞതോടെ വരദരാജന് പത്തിമടക്കി.
ഒടുവില്‍ കെ.എന്‍.ബാലഗോപാലിനെ സെക്രട്ടറിയാക്കാന്‍ ബേബി തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. സമ്മേളനത്തിലുണ്ടായിരുന്ന മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരിയും പിണറായിയും ഇതിനെ പിന്താങ്ങിയതോടെ രാജേന്ദ്രന്റെ പതനം പൂര്‍ത്തിയായി. പി.രാജേന്ദ്രനെ നിര്‍ദ്ദേശിക്കാനും പിന്നീട് രാജേന്ദ്രനെ വെട്ടിനിരത്താനും തുടര്‍ന്ന് ബാലഗോപാലിനെ തന്ത്രത്തില്‍ സെക്രട്ടറിയാക്കാനുമുള്ള സംസ്ഥാനകമ്മിറ്റിയുടെയും പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും തന്ത്രപരമായ ചതിക്കുഴിയില്‍ രാജേന്ദ്രന് വീഴുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
എം.എ.ബേബി ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യചുമതലക്കാരനായിരുന്നു പി.രാജേന്ദ്രന്. ഈ സ്ഥാനത്തിരുന്ന് കൊണ്ട് രാജേന്ദ്രന് തന്നെ തോല്‍പ്പിക്കാന്‍ അണിയറ നീക്കങ്ങള്‍ നടത്തിയെന്നാണ് ഇന്നലെ എം.എ.ബേബി സെക്രട്ടറിയേറ്റ് യോഗത്തില്‍ പരസ്യമായി പറഞ്ഞത്. ഇതിന്റെയെല്ലാം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബേബി തുറന്നടിച്ചു.
സ്ഥാനമൊഴിയുന്ന ജില്ലാസെക്രട്ടറി കെ.രാജഗോപാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ ആക്ടിങ് സെക്രട്ടറിയായതും പി.രാജേന്ദ്രനായിരുന്നു. രാജഗോപാലിന് ശേഷം രാജേന്ദ്രന് എന്ന് പാര്‍ട്ടി സഖാക്കള്‍ക്ക് തന്നെ മുന്‍വിധിയുണ്ടായിരുന്നു. ഇതേചൊല്ലി തകിടം മറിച്ച് ബാലഗോപാലനെ ബേബി സെക്രട്ടറിയാക്കിയതോടെ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയതക്ക് പുതിയ ഒരു വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ പിണറായി പക്ഷം ഇതോടെ രണ്ടായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: