ഓയൂര്‍: വിവാദമായ മാലയില്‍ മലപ്പത്തൂര്‍ ക്രഷര്‍ യൂണിറ്റിനുവേണ്ടി രഹസ്യ ഗ്രാമസഭായോഗം. വെളിയം പഞ്ചായത്തിലെ മാലയില്‍ വാര്‍ഡിന്റെ ഗ്രാമസഭായോഗം ക്രഷര്എംസാന്റ് യൂണിറ്റിനുവേണ്ടി രഹസ്യമായി കൂടിയത്.
ജനരോഷം ഭയന്നാണ് രഹസ്യയോഗം കൂടിയത്. എന്നാല്‍ ഗ്രാമവാസികള്‍ അറിഞ്ഞ് യോഗസ്ഥലത്തെത്തിയതോടെ ഈ കള്ളക്കളി വെളിച്ചത്തായി. സംഭവം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചെങ്കിലും പോലീസ് എത്തിയതോടെ ശാന്തമായി. വാര്‍ഡ് മെമ്പര്‍ ശിവദാസന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടുകൂടിയാണ് രഹസ്യ ഗ്രാമസഭായോഗം കൂടിയത്. പഞ്ചായത്ത് സെക്രറിയുടേയും പ്രസിഡന്റിന്റേയും അഭാവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്ബാബു വാര്‍ഡ് മെമ്പര്ക്കൊപ്പമുണ്ടായിരുന്നു.
വാര്‍ഡിലെ ജനങ്ങള്ക്കെത്താനും ഒരുമിച്ചുകൂടാനുമുള്ള സ്ഥലത്താണ് സാധാരണ ഗ്രാമസഭ കൂടുന്നത്. എന്നാല്‍ പരസ്യപ്പെടുത്താതെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ വച്ച് നടത്തിയ ഈ നാടകം ക്രഷര്‍യൂണിറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയായിരുന്നുവെന്നാണ് ആറോപണം.
ഗ്രാമസഭയുടെ അജണ്ടയില്‍ മലപ്പത്തൂരിലെ അനധികൃത ക്രഷര്യൂണിറ്റിന്റെ അനുമതി നിഷേധിക്കണമെന്ന ആവശ്യം ഉള്‍പ്പെടുത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. ഒന്നിനെതിരെ മുപ്പത്തിയൊമ്പത് പേര് ആവശ്യത്തെ അനുകൂലിച്ചതായി രേഖപ്പെടുത്തിയതോടുകൂടി ഗ്രാമസഭ പിരിയുകയായിരുന്നു.
കഴിഞ്ഞ ഗ്രാമസഭയില്‍ ഈ വിഷയത്തിന്മേല് ചര്‍ച്ച നടത്താതെ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ ഒളിച്ചോടുകയാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് സെക്രട്ടറി ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടുമില്ല. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രാഷ്ട്രീയപാര്‍ട്ടികള്‍ രഹസ്യമായി ക്രഷര്‍ മാഫിയകള്‍ക്ക് കൂട്ടുനില്ക്കുന്നതില് വ്യാപകമായ പ്രതിഷേധമുണ്ട്.
ഒരുവര്‍ഷത്തില്‍ കൂടുതലായി ഇതിനെതിരെ സമരം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്്, പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ അഡ്വ. വി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പത്തൂരില്‍ യോഗം കൂടി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.
വീജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഈ വ്യവസായത്തിന് ഉദ്യാഗസ്ഥ ലോബികളും ക്രഷര്‍ മാഫിയയും ഒത്തുകളിച്ച് അനുമതി നേടിയെടുക്കുവാനുള്ള കള്ളക്കളി പൊളിച്ചത് സമരത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് ഇരുവരും പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: