തിരുവനന്തപുരം: പ്രശസ്ത ഗൈനക്കോളജിസ്റ്റും ജിജി ആശുപത്രി സ്ഥാപനകനും ആതുരസേവാപ്രവര്ത്തകനുമായ ഡോ. ജി. വേലായുധന് (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെ 5.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.
മൃതദേഹം ജിജി ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നുരാവിലെ 10ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്ക്കരിക്കും.
ഗൈനക്കോളജി രംഗത്ത് പുരുഷന്മാര് കടന്നുചെല്ലാന്‍ മടിച്ചിരുന്ന കാലത്ത് കേരളത്തില്‍ ആദ്യമായി ഗൈനക്കോളജിയില്‍ സ്പെഷ്യലൈസ് ചെയ്തയാളാണ് ഡോ. ജി. വേലായുധന്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കിയ അദ്ദേഹം 1967 മുതല്‍ 75 വരെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചു. സ്വകാര്യമേഖലയില്‍ പ്രസവശുശ്രൂഷയ്ക്ക് ഒരു ആശുപത്രിയെന്ന സ്വപ്നമാണ് അദ്ദേഹത്തെ 1975ല്‍ ജിജി ആശുപത്രി സ്ഥാപിക്കുവാന്‍ പ്രേരിപ്പിച്ചത്.
1928-ല്‍ ആറ്റിങ്ങലിനടുത്ത് പൂവമ്പാറയില്‍ കൊടിത്തറ വീട്ടില്‍ ഗോപാലപണിക്കരുടെയും ഗൗരിയുടെയും മകനായി ജനിച്ചു.
ജിജി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നപേരില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഡോ. വേലായുധന് ഒരു സന്നദ്ധസംഘടനയ്ക്ക് രൂപം നല്കി. തന്റെ സമ്പാദ്യങ്ങളും ജിജി ആശുപത്രി വിറ്റുകിട്ടിയ പണവും മൂലധനമാക്കിയാണ് ജിജി ചാരിറ്റബിള്‍ ട്രസ്റ്റുവഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്. ജില്ലയില്‍ 189 സ്കൂളുകളില്‍ ട്രസ്റ്റ് വഴി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നു. കൂടാതെ നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനസഹായങ്ങള്‍, സ്കൂളുകളില്‍ പച്ചക്കറികൃഷിക്കുവേണ്ട സഹായങ്ങള്‍ എന്നിവയും ട്രസ്റ്റ് നടത്തുന്നു.
ഇരുന്നൂറോളം നിരാലംബര്‍ക്ക് വീടുകള്‍ വച്ചു നല്കിയ ജിജി ട്രസ്റ്റ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിനുമുന്നില്‍ കാഴ്ചവച്ചത്. മുപ്പതുവര്‍ഷമായി ജിജി ആശുപത്രിയുടെ ഏഴാം നിലയിലെ പെന്റ്ഹൗസിലായിരുന്നു ഡോ. വേലായുധന് താമസിച്ചിരുന്നത്. ആശുപത്രി അടുത്തിടെ മറ്റൊരു സ്വകാര്യ ആശുപത്രി ഗ്രൂപ്പിന് വിറ്റപ്പോഴും മരണംവരെ ഈ പെന്റ് ഹൗസില്‍ താമസിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ആശുപത്രി വാങ്ങിയവര്‍ അനുവദിക്കുകയായിരുന്നു. ഭാര്യ പരേതയായ സി. ഓമന. മക്കള്‍: ഡോ. മീര (ദുബായ്), ചിത്ര (ശിവജി ബില്‍ഡേഴ്സ്), പരേതയായ ഡോ. മായ. മരുമക്കള്‍: ജയപ്രകാശ്, ശിവജി ജഗന്നാഥപണിക്കര്, ഡോ. ഉല്ലാസ് പ്രസന്നന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: