തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്താന്‍ താലൂക്ക് അടിസ്ഥാനത്തില്‍ റാങ്കിങ് നടത്താന്‍ തീരുമാനിച്ചു. മാനദണ്ഡം നിശ്ചയിക്കാന്‍ മന്ത്രിമാരായ അനൂപ് ജേക്കബ്, അടൂര്‍ പ്രകാശ്, മഞ്ഞളാംകുഴി അലി എന്നിവര്‍ ഉള്‍പ്പെടുന്ന ഉപസമിതിയെ നിയോഗിച്ചിരുന്നു.
അവര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് താലൂക്ക് അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
2011 ലെ നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ നിന്നും 52.63 ശതമാനംപേരെയും നഗരമേഖലയില്‍ നിന്നും 39.5 ശതമാനം പേരെയും ഉള്‍പ്പെടുത്തി മൊത്തം 154.8 ലക്ഷം പേരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
2011 ലെ സെന്‍സസ് പ്രകാരം 333.87 ലക്ഷം വരുന്ന കേരളത്തിലെ ജനസംഖ്യയില്‍ 174.55 ലക്ഷം പേര് ഗ്രാമവാസികളും 159.32 ലക്ഷം പേര് നഗരവാസികളുമാണ്. ഇതില്‍ ഗ്രാമവാസികളായ 91.868 ലക്ഷം പേര്‍ക്കും നഗരവാസികളായ 62.93 ലക്ഷം പേര്‍ക്കും മുന്‍ഗണനാ പരിഗണന ലഭിക്കും.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇപ്പോള്‍ ഉള്ള ബിപിഎല്‍/എഎവൈ കുടുംബങ്ങള്‍ക്കു പുറമേ ഏറ്റവും പുതിയ കണക്കു പ്രകാരം 60 ലക്ഷം പേര്‍ക്കു കൂടി ഒരു രൂപ നിരക്കില്‍ അരി ലഭിക്കും. മുന്‍ഗണനാക്രമം ആവശ്യമില്ലാത്തവര്‍ അപേക്ഷാഫോറത്തോടൊപ്പം ആധാര്‍ വിവരം നല്കിയാലും മതിയാകും.
കോഴിക്കോട് ജില്ലയിലെ കൊച്ചിന് മലബാര്‍ എസ്റ്റേറ്റ്സ് & ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കിനാലൂര്‍ എസ്റ്റേറ്റിലെ 600 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത ശേഷം സര്‍വീസ് ആനുകൂല്യം എന്ന നിലയ്ക്ക് 533 തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇത് രജിസ്ട്രേഷന് ചെയ്യുന്നതിന് ആവശ്യമായ മുദ്രപ്പത്ര വിലയായ 2.39 കോടി രൂപ ഒഴിവാക്കി നല്‍കും. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ഐരവണ്‍ വില്ലേജില്‍ കൃഷിവകുപ്പിന്റെ 25 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് പാട്ടത്തിന് നല്‍കാനും തീരുമാനിച്ചു.
തിരുവനന്തപുരം താലൂക്കിലെ ആറ്റിപ്ര വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് 1.73 ഹെക്ടര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് (കോഴിക്കോട്) റിസര്‍ച്ച് & എഡ്യൂക്കേഷണല്‍ ക്യാമ്പസ് തുടങ്ങാന്‍ പാട്ടത്തിന് നല്‍കും. സെന്റ് ഒന്നിന് 100 രൂപ വാര്‍ഷിക പാട്ടനിരക്കില്‍ 30 വര്‍ഷത്തേക്ക് നിലവിലുള്ള നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് ഭൂമി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: