അമ്പലപ്പുഴ: റെയില്‍വേ ട്രാക്ക് മെയിന്റനന്‍സ് യൂണിറ്റുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ അറ്റകുറ്റവിഭാഗത്തിലെ ജീവനക്കാരായ നെയ്യാറ്റിന്‍കര സരസ്വതി വിലാസത്തില്‍ പ്രദീപ് (31), തോപ്പുംപടി ഉഷസില്‍ സനില്‍ (47), ലോക്കോപൈലറ്റ് രതീഷ് ബാബു (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ അമ്പലപ്പുഴ ഭാഗങ്ങളില്‍ ട്രാക്കില്‍ അറ്റുകറ്റപ്പണി നടത്തുകയായിരുന്ന രണ്ട് യൂണിറ്റുകളാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയോടെ കുര്‍ള എക്സ്പ്രസും കായംകുളത്ത് നിന്നുള്ള പാസഞ്ചര്‍ തീവണ്ടിയും കടന്നു പോകാനുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം യൂണിറ്റുകള്‍ ആലപ്പുഴയിലേക്ക് പുറപ്പെട്ടതാണ്. പുന്നപ്ര വിയാനി പള്ളിക്ക് സമീപം എത്തിയപ്പോള്‍ മുന്നില്‍പോയ യൂണിറ്റ് പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നില്‍ വന്ന യൂണിറ്റ് ഇടിച്ച് ജീവനക്കാര്‍ തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരേയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നിലുണ്ടായിരുന്ന ജീവനക്കാരാണ് പിന്നീട് രണ്ട് യൂണിറ്റുകളും മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: