കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം ശരിയായ രീതിയില്‍ ആണ് പുരോഗമിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
വിഷയത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം വഴിതെറ്റിയാണ് പോകുന്നതെന്ന് കരുതാന്‍ വസ്തുതകളില്ലെന്നും കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതെന്ന കാര്യം വ്യക്തമാക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
കേസിലെ അന്വേഷണം ജാഗ്രതയോടെ വേണമെന്നും, ആരോപണ വിധേയന് മന്ത്രിയായതിനാല്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും. ആരോപണത്തിലെ സത്യം പുറത്തു കൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയണമെന്നും, ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും വിജിലന്‍സിന് കോടതി നിര്‍ദേശം നല്കി.
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയന് ധനമന്ത്രി കെഎം മാണിയാണെന്നും അതിനാല്‍ ബാഹ്യസമ്മര്ദ്ദമുണ്ടാകാന് സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ എവി താമരാക്ഷനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: