കൊച്ചി: ജിസിഡിഎ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രൊജക്റ്റുകളില്‍ മൂന്നെണ്ണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ചെയര്മാന് എന്‍. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്ര ക്ഷേത്രത്തോട് ചേര്‍ന്നു ഒമ്പത് മീറ്റര്‍ വീതിയിലുള്ള പാലം, ബണ്ട് റോഡ് ടാറിങ്, കലൂര്‍- കടവന്ത്ര റോഡ് പുനരുദ്ധാരണം എന്നീ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ എല്ലാ പ്രൊജക്റ്റുകളും പൂര്‍ത്തിയാകും.
മണപ്പാട്ടിപ്പറമ്പ്- എസ്ആര്‍എം റോഡില്‍ ശാസ്ത്ര ക്ഷേത്രവുമായി ബന്ധപ്പെട്ട് പേരണ്ടൂര്‍ കനാലിനു കുറുകെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. നിര്‍മാണത്തിനായി ഒരു കോടി 90 ലക്ഷം രൂപയുടെ ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതിനു വേണ്ട ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് ഫെബ്രുവരി പത്താം തിയതിക്കകം നിര്‍മാണം ആരംഭിക്കും. കൊറിയിന്‍ ടെക്നോളജിയില്‍ നിര്‍മിക്കുന്ന പാലം അഞ്ച് മാസത്തിനകം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ ശാസ്ത്രി നഗര്‍ മുതല്‍ കെ.പി. വള്ളന്‍ റോഡ് വരെയുള്ള ബണ്ട് റോഡിന്റെ ടാറിങും മറ്റു പ്രവര്‍ത്തനങ്ങളും ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. 650 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള റോഡാണ് നിര്‍മിച്ചിരിക്കുന്നത്. ടാറിങിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു കോടി 65 ലക്ഷം രൂപയുടെ എഎസ് ഗവണ്മെന്റില് നിന്നും ലഭിച്ചിട്ടുണ്ട്.
കലൂര്‍- കടവന്ത്ര റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും വൈകാതെ ആരംഭിക്കും. കടവന്ത്ര മുതല്‍ കത്രിക്കടവ് പാലം വരെയുള്ള ആദ്യ റീച്ചില്‍ ബിഎംപിസി പ്രകാരം ടാറിങ് നടത്തും. ഇതിനായി ഗവണ്മെന്റ് എഎസ് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു. കത്രിക്കടവ് മുതല്‍ കലൂര്‍ വരെയുള്ള റീച്ചില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കേണ്ടതുണ്ട്. പൈപ്പിടല്‍ കഴിഞ്ഞാലുടന്‍ റോഡിന്റെ പുനരുദ്ധാരണം നടത്തും. കലൂര്‍ കത്രിക്കടവ് റോഡില്‍ ഉപരിതലത്തില്‍ കൂടെയുള്ള കേബിളുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കില്ല. നിലവില്‍ ഉപയോഗശൂന്യമായ കേബിളുകള്‍ മാറ്റാന്‍ ഉടമസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്കിയിരുന്ന എല്ലാ പ്രൊജക്റ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച അവസ്ഥയിലാണ്. വാക് വെ ഉദ്ഘാടനം, ബിഒടി പാലത്തിലെ ടോള്‍ നിരോധനം, ലേസര്‍ ഷോ, ബണ്ട് റോഡ് നിര്‍മാണത്തിന്റെ ആരംഭം, കടവന്ത്ര പാലം നിര്‍മാണം എന്നിങ്ങനെ എല്ലാപദ്ധതികളും പൂര്‍ത്തികരിച്ചിട്ടുണ്ട്.
കോട്ടുവള്ളി പഞ്ചായത്തില്‍ മൂന്ന് കോടി ചെലവഴിച്ച് പുതിയ പദ്ധതിയായ ഷോപ്പിങ് കോപ്ലക്സും കമ്യൂണിറ്റി ഹാളും നിര്‍മിക്കുന്ന പദ്ധതി പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്തും. സ്ഥലം എംഎല്‍എയുടെ ആവശ്യപ്രകാരം അങ്കമാലിയില്‍ പൂന്തോട്ടത്തോടു കൂടിയ ഒരു പ്ലേ ഗ്രൗണ്ട് നിര്‍മിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ജിസിഡിഎയ്ക്ക് 150 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. അതില്‍ 108 കോടി എട്ട് ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട്. 47 കോടി പെന്ഷന് നല്‍കുന്നതിനായി മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം. ഒരു മാസം 50 ലക്ഷത്തിലധികം രൂപ ജിസിഡിഎയ്ക്ക് വാടകയിനത്തില്‍ പിരിഞ്ഞുകിട്ടും. അനധികൃതമായി ജിസിഡിഎയുടെ സ്ഥലത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ അത് തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: