ന്യൂദല്‍ഹി: ഭാരത-യുഎസ് നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ത്രിദിന സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. രാജ്യത്തിന്റെ 66-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായെത്തുന്ന ഒബാമ ഇന്നു രാവിലെ 10 മണിക്ക് ന്യൂദല്‍ഹി പാലം വിമാനത്താവളത്തിലിറങ്ങും.
ഇന്നലെ വൈകിട്ട് 5മണിക്ക് വാഷിങ്ടണ്ണിലെ ആന്‍ഡ്രൂസ് എയര്‍ബേസില്‍ നിന്നും എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ യാത്രപുറപ്പെട്ട ഒബാമ ജര്‍മ്മനിയിലെ റാംസ്റ്റെയിനിലിറങ്ങി വിശ്രമിച്ച ശേഷമാണ് ദല്‍ഹിയിലെത്തുന്നത്. പാലം വിമാനത്താവളത്തില്‍ നിന്നും ഭാര്യ മിഷേലിനും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം താമസ സൗകര്യമൊരുക്കിയ ഹോട്ടല്‍ ഐടിസി മൗര്യയിലെത്തുന്ന ഒബാമ 11 മണിയോടെ രാഷ്ട്രപതിഭവനിലേക്ക് പുറപ്പെടും. രാഷ്ട്രപതിഭവനില്‍ ഒബാമയെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഇവിടെ ഔദ്യോഗികമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി അമേരിക്കന്‍ പ്രസിഡന്റിനെ രാജ്യം വരവേല്‍ക്കും.
രാഷ്ട്രപതി ഭവനില്‍ നിന്നും മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് പോകുന്ന ഒബാമ തിരികെ ഇന്ത്യാഗേറ്റിനു സമീപത്തെ ഹൈദ്രാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ആണവകരാര്‍ ഉള്‍പ്പെടെ സുപ്രധാനമായ നിരവധി കരാറുകളില്‍ ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: