റാഞ്ചി: 60-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം വീണ്ടും കിരീടം നിലനിര്‍ത്തിയത് എതിരാളികളില്ലാതെ. 36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവുമടക്കം 88 മെഡലുകളും 206 പോയിന്റുമായാണ് കേരളം ഇത്തവണയും ജൈത്രയാത്ര നടത്തിയത്.
രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാട് ഏറെ പിന്നിലാണ്. 6 സ്വര്‍ണവും 20 വെള്ളിയും 11 വെങ്കലവുമടക്കം 80 പോയിന്റ് മാത്രം അവര്‍ സ്വന്തമായി. എന്നാല്‍ സ്വര്‍ണനേട്ടത്തില്‍ തമിഴ്നാടിനേക്കാള്‍ മുന്നിലെത്തിയത് മഹാരാഷ്ട്രയാണ്. 13 സ്വര്‍ണമാണ് അവര്‍ വെട്ടിപ്പിടിച്ചത്. കൂടാതെ 7 വെള്ളിയും 10 വെങ്കലവും അവര്‍ കരസ്ഥമാക്കി.
അതേസമയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രീയ വിദ്യാലയം, നവോദയ, സിബിഎസ്ഇ സ്കൂളുകള്‍ ഉള്‍പ്പെടെ 36 ടീമുകള്‍ മാറ്റുരച്ച മീറ്റില്‍ ആകെ 14 ടീമുകള്‍ മാത്രമേ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചുള്ളു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികളുടെയും ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും വിഭാഗത്തില്‍ തികച്ചും ആധികാരികമായാണ് കേരളത്തിന്റെ കിരീടധാരാണം. മീറ്റിന്റെ അവസാന ദിനം കേരളം 16 സ്വര്‍ണം വെട്ടിപ്പിടിച്ചതോടെയാണ് മൊത്തം സ്വര്‍ണനേട്ടം 36-ല്‍ എത്തിയത്.
താരങ്ങളുടെ മികച്ച പ്രകടനത്താല്‍ സമ്പുഷ്ടമായിരുന്നു 60-ാം ദേശീയ സ്കൂള്‍ മീറ്റ്. കനത്ത തണുപ്പിലും ബിര്‍സമുണ്ട സ്റ്റേഡിയം ചില പ്രകടനങ്ങള്‍ കണ്ട് അന്തം വിട്ടു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ തന്നെ നേടിയ 38 സ്വര്‍ണം എന്ന നേട്ടം എത്തിപ്പിടിച്ചില്ലെങ്കിലും കേരളത്തെ വെല്ലുവിളിക്കാനുള്ള കരുത്ത് മറ്റ് ടീമുകള്ക്കുണ്ടായിരുന്നില്ല. മലയാളി കൗമാരകായിക താരങ്ങളെ തടയാനുള്ള കരുത്ത് എതിരാളികള്ക്കുണ്ടായില്ല. പ്രത്യേകിച്ചും ട്രിപ്പിള്‍ സ്വര്‍ണം തികച്ച ജിസ്ന മാത്യുവിന്റെ പ്രകടനം. 100, 200, 400 മീറ്ററുകളിലാണ് ട്രാക്കില്‍ മിന്നല്‍പ്പിണറായി ജിസ്ന പൊന്നണിഞ്ഞത്. പി.ഡി. അഞ്ജലിയും മുഹമ്മദ് അഫ്സലും അബ്ദുള്ള അബൂബക്കറും ഡൈബി സെബാസ്റ്റിയനും മരിയ ജെയ്സണും എം.വി. വര്‍ഷയുമെല്ലാം കായികകേരളത്തിന്റെ ഭാവി ശോഭനമാണെന്ന സൂചനയാണ് നല്‍കിയത്. അഫ്സലും അബൂബക്കറും അവസാന സ്കൂള്‍ മീറ്റിനാണ് റാഞ്ചിയിലെത്തിയത്. പൊന്നണിഞ്ഞാണ് ഇരുവരും സ്കൂള്‍ മീറ്റുകളോട് വിടപറഞ്ഞത്.
എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടും മൂന്നാമതെത്തിയ മഹാരാഷ്ട്രയും നാലാമതെത്തിയ ദല്‍ഹിയും വരുന്ന മീറ്റുകളില്‍ കേരളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന സൂചനയാണ് ഇത്തവണ നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ സ്ഥിരം ഭീഷണികളായിരുന്ന ഹരിയാനയ്ക്കും പഞ്ചാബിനും ഇത്തവണ ചാമ്പ്യന്മാര്ക്ക് ഒരുതരത്തിലുള്ള ഭീഷണിയും ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നതും ഏറെ ശ്രദ്ധേയം.
മീറ്റിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങള്‍ കണ്ടത് ഹൈജമ്പിലായിരുന്നു. സബ്ജൂനിയര് വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും നടന്ന മത്സരങ്ങള്‍ ഏറെ നിലവാരം പുലര്‍ത്തി. ഹൈജമ്പ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ദല്‍ഹിയുടെ ഷാനവാസ് ഖാനും ജൂനിയര്‍ വിഭാഗത്തില്‍ അസമിന്റെ ലെയ്മന്‍ നര്‍സാരിയും ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ മലയാളിയുടെ അഭിമാനമായി മാറിയ കെ.എസ്. അനന്തുവും തേജസ്വിന് ശങ്കറും നടത്തിയ പ്രകടനം മീറ്റിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുകയും ചെയ്തു. പ്രത്യേകിച്ചും അനന്തുവിന്റെയും തേജസ്വിന് ശങ്കറിന്റെയും മികവുകള്‍. തിരുവനന്തപുരത്ത് സംസ്ഥാന സ്കൂള്‍ മീറ്റില്‍ 2 മീറ്റര്‍ ചാടിയ അനന്ദു റാഞ്ചിയില്‍ 2.07 ചാടിയാണ് വിസ്മയം തീര്‍ത്തത്.
ലോങ്ജമ്പില്‍ സര്‍ണം കൈവിട്ടെങ്കിലും ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണ നേടി അവസാന സ്കൂള്‍ മീറ്റ് അബ്ദുള്ള അബൂബക്കര്‍ മുഹമ്മദ് അഫ്സലിനൊപ്പം ഉജ്ജ്വലമാക്കി. പോള്‍വോള്‍ട്ടില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞ പാലാ ജമ്പ്സ് അക്കാദമിയുടെ മരിയ ജയ്സണും സ്കൂള്‍ മീറ്റിനോട് വിടപറഞ്ഞു. നാളെയുടെ താരങ്ങളാണെന്ന മുന്നറിയിപ്പുമായാണ് ഇരുവരും ഇത്തവണ റാഞ്ചിയോട് സലാം ചൊല്ലിയത്. സ്പ്രിന്റ് ഡബിള്‍ നേടിയ കര്‍ണാടകയുടെ മനീഷും മഹാരാഷ്ട്രയുടെ രശ്മി ഷെരാഗറും കേരളത്തിന്റെ ജിസ്ന മാത്യുവും ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച ഓട്ടത്തിലൂടെ ഭാവി വാഗ്ദാനങ്ങളാണെന്ന് തെളിയിച്ചു. കവിതാ റാവത്തിനും അംജന താംങ്കേക്കും പിന്നാലെ മഹാരാഷ്ട്രയുടെ കിസന്‍ തഡ്വിയും നാളെയുടെ താരമാണെന്ന് അടിവരയിട്ടു.
എങ്കിലും ചിലരുടെ വ്യക്തിപരമായ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ ട്രാക്കില്‍ കേരളത്തിന് തിരിച്ചടി നേരിട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും സ്പ്രിന്റ് ഇനങ്ങളിലും സ്പ്രിന്റ് റിലേയിലും. മധ്യദൂര റിലേയും ദീര്‍ഘദൂര ഓട്ടത്തിലും മലയാളി താരങ്ങള്‍ മികച്ചുനിന്നു. ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ടീമില്‍ കളിച്ച അപര്‍ണാ റോയിയും ഏറെ പ്രതീക്ഷകള്‍ അര്‍പ്പിക്കാവുന്ന താരമാണെന്ന് ഈ മീറ്റ് തെളിയിച്ചു.
പുതിയ ഉയരവും ദൂരവും വേഗവും വെട്ടിപ്പിടിച്ച പുതിയ ഒരുപിടി താരങ്ങളാണ് ഇത്തവണ ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ പിറവിയെടുത്തത്. ഒപ്പം ഓടിത്തളര്ന്നവരെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: