തിരുവനന്തപുരം:മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 31ന് വൈകുന്നേരം 6ന് കേന്ദ്രനഗരവികസനമന്ത്രി എം.വെങ്കയ്യനായിഡു നിര്‍വ്വഹിക്കും.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കേന്ദ്രകായിക മന്ത്രി സര്‍ബാനന്ദ് സോനോവാള്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി. കാര്ത്തികേയന്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനകാര്യമന്ത്രി കെ.എം. മാണി, മുന്‍ കേന്ദ്രമന്ത്രിയും നാഷണല്‍ ഗെയിംസ് സംഘാടക സമിതി രക്ഷാധികാരിയുമായ ഒ. രാജഗോപാല്‍, മന്ത്രിമാരായ കെ.പി.മോഹനന്, ഷിബു ബേബിജോണ്‍, അനൂപ് ബേബിജോണ്‍, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, എംപിമാരായ ഡോ. എ. സമ്പത്ത്, ശശിതരൂര്‍, മുന്‍ കായിക മന്ത്രിമാരായ കെ.ബി. ഗണേഷ്കുമാര്, എം. വിജയകുമാര്‍, കഴക്കൂട്ടം എംഎല്‍എ എം.എ വാഹിദ്, തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ജനറല്‍ രാജീവ് മേത്ത, കേരള ഒളിമ്പിക് അസോസിയേഷന് (കെഒഎ) പ്രസിഡന്റ് എം.എം. അബ്ദുള്‍ റഹ്മാന്, കേരള ഒളിമ്പിക് അസോസിയേഷന് സെക്രട്ടറിയും നാഷണല്‍ ഗെയിംസ് സംഘാടക സമിതി സെക്രട്ടറിയുമായ പി.എ. ഹംസ, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ ഗെയിംസ് ഗുഡ്വില് അംബാസിഡര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ പങ്കെടുക്കും. അദ്ദേഹം ദീപശിഖ പി.ടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജ്ജിനും കൈമാറും, ഗെയിംസിന്റെ ദീപം ഇവര്‍ രണ്ട് പേരും ചേര്‍ന്ന് തെളിക്കും.
തുടര്‍ന്ന് നാഷണല്‍ ഗെയിംസ് ഉദ്ഘാടനം ചടങ്ങുകള്‍ക്ക് വര്‍ണ്ണപ്പൊലിമയേകി കലാസന്ധ്യ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തനതുകലാരൂപങ്ങള്‍ ചടങ്ങില്‍ ഉണ്ടാകും.
ഉദ്ഘാടനം സമാപന ചടങ്ങുകളുടെ ക്രിയേറ്റിവ് ഡയറക്ടര്‍ ടി.കെ.രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന് മോഹന്‍ലാല്‍ അടങ്ങുന്ന അയ്യായിരത്തോളം കലാകാരന്മാരുടെ കലാപരിപാടികള്‍ അവതരിപ്പിക്കും.ഫെബ്രുവരി 14ന് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രന്, മന്ത്രിമാര്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ലക്ഷംപേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം 26ന് വൈകുന്നേരം 6 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഉദ്ഘാടചടങ്ങിനുള്ള സൗജന്യ പാസ് വിതരണത്തിന്റെ ഉദ്ഘാടനവും അന്ന് നടക്കും. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും പാളയത്ത് ഗെയിംസ് സംഘാടക സമിതി ഓഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി പാസ് ലഭിക്കും. 161 കോടി ചിലവില്‍ തയ്യാറാക്കുന്ന സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനാകും. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ ഉദ്ഘാടനം 28ന് രാവിലെ 11.30നും മേനംകുളത്തെ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനം വൈകുന്നേരം 5നും നവീകരിച്ച ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 7നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 29ന് വൈകുന്നേരം 5,30ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: