കണ്ണൂര്‍: മലയാള കഥാ സാഹിത്യരംഗത്തെ കുലപതി ടി.പത്മനാഭന് തപസ്യ കലാസാഹിത്യ വേദിയുടെ ആദരം. ‘കഥാപത്മനാഭം’ എന്ന പേരില്‍ തപസ്യ കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഇന്നലെ നടന്നു. കണ്ണൂരിലേയും സംസ്ഥാനത്തേയും സാമൂഹ്യ-സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിന്റെയും മലയാളഭാഷയെ സ്നേഹിക്കുന്ന കേരളീയരുടേയും മലയാള കലാ കുലപതിക്കുളള ആദരവായി മാറി.
കഥാപത്മനാഭം പരിപാടിയുടെ ഉദ്ഘാടനം മേലത്ത് ചന്ദ്രശേഖരന് നിര്‍വ്വഹിച്ചു. കൂമുളളി ശിവരാമന് അധ്യക്ഷത വഹിച്ചു. കഥാരചനാ രംഗത്ത് 66 വര്‍ഷം പിന്നിടുന്ന പത്മനാഭനെ ബാലഗോകുലത്തിന്റെ 66 കുട്ടികള്‍ റോസാപ്പൂക്കള്‍ നല്കി കാല്‍ത്തൊട്ട് വന്ദിച്ച് ആദരിച്ചത് ചടങ്ങിനെ ധന്യമാക്കി. എം.അബ്ദുറഹ്മാന്, ഡോ.കെ.ടി.ശ്രീലത, സ്വാഗതസംഘം ചെയര്മാന് രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേണലിസം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ടി.പത്മനാഭന് പത്രിക പ്രമുഖ സാഹിത്യകാരന് സി.രാധാകൃഷ്ണന് പ്രകാശനം ചെയ്തു. തുടര്‍ന്ന് വിജേഷ് മുണ്ടേരിയുടെ ‘വല’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം മേലത്ത് ചന്ദ്രശേഖരന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ കവി എസ്.രമേശന് നായര്‍ക്ക് നല്കി നിര്‍വഹിച്ചു. കുഞ്ഞപ്പന് തൃക്കരിപ്പൂരിന്റെ ‘നദി’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സി.രാധാകൃഷ്ണന് കൂമുളളി ശിവരാമന് നല്കി പ്രകാശനം ചെയ്തു. തപസ്യ ജില്ലാ സെക്രട്ടറി രാമകൃഷ്ണന് വേങ്ങര സ്വാഗതവും വി.കെ.ദിവാകരന് മാവിലായി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ടി.പത്മനാഭനെ സി.രാധാകൃഷ്ണന് ആദരിക്കുകയും ഉപഹാരസമര്‍പ്പണം നടത്തുകയും ചെയ്തു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ടി.എന്‍.പ്രകാശ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി തുടങ്ങിയവര്‍ സംസാരിച്ചു. ടി.പത്മനാഭന് മറുപടി പ്രസംഗം നടത്തി. അഡ്വ.പ്രമോദ് കാളിയത്ത് സ്വാഗതവും ഇം.എം.ഹരി നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന ആസ്വാദന പര്‍വ്വത്തില്‍ പത്മനാഭ കഥകളെക്കുറിച്ച് ചര്‍ച്ച നടന്നു. പത്മനാഭന് കഥകളിലെ പരിസ്ഥിതി സാക്ഷ്യം എന്ന വിഷയത്തില്‍ സി.സുനില്‍ കുമാര്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസസമിതി സംസ്ഥാന കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍ നിങ്ങളെ എനിക്കറിയാം കഥയിലെ മാനവികത എന്ന വിഷയത്തിലും നളിനകാന്തിയുടെ വായനപ്പെരുമ എന്ന വിഷയത്തില്‍ ആല്‍ഫാ വണ്‍ പബ്ലിഷേഴ്സ് എഡിറ്റര്‍ സി.പി.ചന്ദ്രനും കാലഭൈരവനും കാലവും എന്ന വിഷയത്തില്‍ ഹരിശ്രീ യുവകഥാ പുരസ്കാര ജേതാവ് പ്രശാന്ത് ബാബു കൈതപ്രവും സംസാരിച്ചു. എം.പി.നമ്പൂതിരി അധ്യക്ഷത വഹിച്ചു. യു.പി.സന്തോഷ് സ്വാഗതവും ബി.പി.ജയരാജന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ടി.പത്മനാഭന് അനുവാചകരുമായി സംവദിച്ചു. അനുഭവത്തില്‍ നിന്നാണ് സാഹിത്യകാരന്മാര് ഉണ്ടാവുന്നതെന്നും ശൈലിയല്ല, വായനക്കാര്‍ക്ക് മനസ്സിലാവുന്നുണ്ടോയെന്നതാണ് പ്രധാനമെന്നും മാറ്റങ്ങള്‍ക്കനുസരിച്ചാണ് പലരും തുഴയുന്നതെന്നും സംവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പത്മനാഭന് പറഞ്ഞു.
എന്‍.കെ.കൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ബാലഗോകുലം സംസ്ഥാന സമിതിയംഗം എന്‍.വി. പ്രജിത്ത് മാസ്റ്റര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ജനാര്ദ്ദനന് സ്വാഗതവും എം.വി.പ്രഭാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: