കൊച്ചി: ”അതോടെ…ഉസ്താദ് ഫ്ളാറ്റ്….” സംഗീതത്തിന്റെ മഹാവൈഭവത്തെക്കുറിച്ച് ഒരു സിനിമയിലെ നായകന്റെ ഡയലോഗ് അനുകരിച്ചു പറഞ്ഞാല്‍ ഇങ്ങനെയിരിക്കും. മലയാളികള്‍ ഏറെ താലോലിച്ച് ആ മോഹന്‍ലാല്‍ സംഭാഷണം പോലെയല്ലെങ്കിലും സംഗതി ഏതാണ്ട് അങ്ങനെ തന്നെ. ലോകം ഇന്നേവരെ കണ്ട പ്രമുഖ സംഗീതജ്ഞരില്‍ പ്രധാനിയും സരോദ് മാന്ത്രികനുമായ ഉസ്താദ് അംജദ് അലി ഖാന് പറയുന്നു, ”ഒരുനാള്‍ എനിക്കും മോദിക്കൊപ്പം സരോദ് വായിക്കണം.”
രാജ്യതന്ത്രത്തിലും നയതന്ത്രത്തിലും ജനഹൃദയം കവര്‍ന്നുകഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കലാവൈഭവവും അങ്ങനെ കീര്ത്തിനേടുകയാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ ഏറ്റവും കൂടുതല്‍ പ്രയോഗം നടക്കുന്ന കേരളത്തില്‍ സംഗീത പാഠശാല ആരംഭിക്കുന്നതിന് അനുമതി നേടിക്കഴിഞ്ഞ ഉസ്താദ് അതു സംബന്ധിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ക്കു വേണ്ടി നടത്തിയ സംഭാഷണത്തിനിടയില്‍ ഗായിക ഗായത്രിയോടാണ് ഇതെക്കുറിച്ചു പറഞ്ഞത്.
പുതിയ കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള ബാധ്യത കുറഞ്ഞുവോ എന്ന ചോദ്യത്തിനു മറുപടിയായി ഉസ്താദ് പറഞ്ഞു ” ഞാന്‍ സര്‍ക്കാരിന്റെ സാംസ്കാരിക സമിതികളിലൊന്നും അംഗമല്ല. പക്ഷേ നരേന്ദ്രമോദി പ്രധാനമന്ത്രിയായതു മുതല്‍ ചില അനുകൂല സൂചനകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഞാന്‍ ആഗസ്ത് അഞ്ചിന് അദ്ദേഹത്തെ കണ്ടിരുന്നു, കൂടിക്കാഴ്ച ഏറെ നേരം നീണ്ടു; വിജയകരമായി. അദ്ദേഹം ജപ്പാനില്‍ ഡ്രം വായിക്കുന്നത് ഞാന്‍ കണ്ടിരുന്നു. എനിക്ക് അദ്ദേഹത്തോടൊപ്പം ഒരുദിവസം സംഗീത സദസ്സ് അവതരിപ്പിക്കണമെന്നുണ്ട്. ഐ ആന്‍ഡ് ബി മന്ത്രാലയത്തിലും സാംസ്കാരിക സമിതികളിലും എന്നെപ്പോലുള്ളവരെ ഉള്‍പ്പെടുത്തി സര്‍ഗ്ഗാത്മകമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാധ്യമങ്ങളെക്കുറിച്ച് ചോദിച്ചാല്‍ എനിക്ക് ഒരു കാര്യത്തില്‍ സന്തോഷമാണ്, യാത്രയ്ക്കിടെ ബ്രിട്ടീഷ് എയര്‍വേസില്‍ എന്റെ സരോദ് മോഷണം പോയപ്പോള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടാണ് മൂന്നാം പക്കം അതു കിട്ടിയത്.”
കേരളത്തില്‍ സംഗീത പാഠശാല വൈകാതെ തുടങ്ങും. കേരളത്തിലെ ജനങ്ങള്‍ മറ്റു സംസ്ഥാനക്കാരില്‍ നിന്നു വ്യത്യസ്തരാണ്. കേരവും കലയും തമ്മില്‍ ഏറെ ബന്ധമുണ്ട്. സരോദിന്റെ തന്ത്രിഘര്ഷിണി ചിരട്ടകൊണ്ടാണ്. സംഗീതം ദൈവത്തോട് ഏറ്റവും അടുത്തു നില്ക്കുന്നു. പക്ഷേ, കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും വിദ്യാസമ്പന്നരും വല്ലാതെ മാറിക്കൊണ്ടിരിക്കുന്നു. പിഎച്ച്ഡി നേടിയ ഒരാള്‍ എങ്ങനെ മൗലികവാദിയാകുന്നുവെന്നും വിദ്യാസമ്പന്നര്‍ എങ്ങനെ വര്‍ഗ്ഗീയവാദികള്‍ ആകുന്നുവെന്നും ഞാന്‍ അതിശയിക്കാറുണ്ട്. 21-ാം നൂറ്റാണ്ട് കൂടുതല്‍ സൗഹാര്‍ദ്ദ പൂര്‍ണമാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ കൂടുതല്‍ മോശമായി.
ഞാന്‍ ഇപ്പോള്‍ ഒരു സ്കോട്ടിഷ് ഓര്‍ക്കസ്ട്രയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പണ്ടുമുതല്ക്കേ എനിക്ക് കൂട്ടം ചേര്‍ന്നുള്ള പ്രവര്ത്തനമാണിഷ്ടം. അതൊരു അച്ചടക്കമാണ്. സംഗീതത്തില്‍ ആ ഒരുമയും അച്ചടക്കവും അനിവാര്യമാണ്. എന്നാല്‍ ഇന്നു സംഗീത രംഗത്ത് പലരും ഒറ്റയ്ക്ക് നില്‍ക്കാനും നേടാനും ആഗ്രഹിക്കുന്നു, അതൊരുതരം സ്വാര്‍ത്ഥതയാണ്. ഹിന്ദുസ്ഥാനി-കര്‍ണാടക എന്നിങ്ങനെയുള്ള സംഗീതത്തിലെ വിഭജനം ഇല്ലാതാകണം,” വിവിധ വിഷയങ്ങളെക്കുറിച്ച് ഉസ്താദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: