തിരുവനന്തപുരം: കയര്‍തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കിയ വരുമാന പിന്തുണപദ്ധതി (ഇന്‍കം സപ്പോര്‍ട്ട് സ്കീം) സ്വകാര്യമേഖലയിലും നടപ്പാക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ്. സഹകരണമേഖലയില്‍ വരുമാനപിന്തുണപദ്ധതിയിലൂടെ നല്കുന്ന 110 രൂപായടക്കം 300 രൂപ അക്കൗണ്ട് വഴി തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. സ്വകാര്യമേഖലയില്‍ തൊഴില്‍ ദാതാക്കള്‍ തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്യാത്തതുമൂലം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം നഷ്ടമാവുകയാണ്. സര്‍ക്കാര്‍ നല്കുന്നതിനേക്കാള് കുറഞ്ഞവേതനമാണ് സ്വകാര്യമേഖലയില്‍ പലയിടത്തും നല്‍കുന്നത്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് തൊഴിലാളി സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്കുന്ന സംഘങ്ങള്‍ക്ക്, അത് ആര് നേതൃത്വം കൊടുക്കുന്നതായാലും മൂലധനനിക്ഷേപം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കും. 3.5ലക്ഷം തൊഴിലാളികള്‍ ഉണ്ടായിരുന്ന കയര്‍മേഖലയില്‍ ഇന്ന് 2.25 ലക്ഷം തൊഴിലാളികള്‍ മാത്രമാണുള്ളത്. കയര്‍ കയറ്റുമതി 2011-12 വര്‍ഷം 1052 കോടിരൂപയായിരുന്നത് ഈ വര്‍ഷം 1476 കോടിയായി ഉയര്‍ന്നു. 2016-17ല്‍ 2500 കോടിരൂപയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.
കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേളയായ കയര്‍ കേരളയുടെ അഞ്ചാമത് പതിപ്പ് ഫെബ്രുവരി 1 മുതല്‍ 5 വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. കയര്മേളക്ക് ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 1.75കോടിയുടെ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. അടുത്തവര്‍ഷത്തേക്ക് രണ്ടുകോടിയുടെ സഹായവും ലഭ്യമായിട്ടുണ്ട്. ഈ വര്‍ഷം മേളയിലൂടെ 100 കോടിയിലധികം രൂപയുടെ കയറ്റുമതി പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്നും 300 ആഭ്യന്തര ആവശ്യക്കാരും 46 രാജ്യങ്ങളില്‍നിന്നായി 170 വിദേശ ആവശ്യക്കാരും പങ്കെടുക്കും. വ്യാപാര പ്രദര്‍ശനത്തിനായി ഒരുക്കുന്ന രാജ്യാന്തര പവിലിയനില്‍ 100 സ്റ്റാളുകളും ദേശീയ പവലിയനില്‍ 150 സ്റ്റാളുകളുമുണ്ടാകും. പൊതുപ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തുള്ള 50 പ്രദര്‍ശകര്‍ ഉള്‍പ്പെടെ 275 പ്രദര്‍ശകരുണ്ടാകും. നൂതന കയര്‍ ഉല്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ശേഖരം അവതരിപ്പിക്കപ്പെടും. കയര്‍മേഖലയില്‍ തൊഴില്‍ അവസരങ്ങള്ക്കുതകുന്ന പുതിയ പദ്ധതികളും തന്ത്രങ്ങളും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും വ്യവസായത്തില്‍ നിന്നുള്ള വരുമാനവര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ചചെയ്യും.
ഫെബ്രുവരി 1ന് വൈകുന്നേരം 4ന് കയര്‍മേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 5ന് വൈകുന്നേരം 5ന് സമാപനസമ്മേളനം കേന്ദ്ര ചെറുകിട, ഇടത്തരം സംരംഭക വകുപ്പ്മന്ത്രി കല്‍രാജ് മിശ്ര ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: