കൊട്ടോടി: ഒരു വര്‍ഷം മുമ്പാരംഭിച്ച പള്ളത്തിങ്കാല്‍-കൊട്ടോടി റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതായി പരാതി. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന റോഡിന്റെ പണി പൂര്‍ണമായും നിലച്ചമട്ടാണ്. ചുള്ളി, കൊട്ടോടി, ചീച്ചക്കയ, പറയംപള്ളം, കൊല്ലംപണ, കക്കോട്ടമ്മ, പുലിക്കോട് എന്നീ ഉള്‍നാടുകളില്‍ നിന്നും പള്ളത്തിങ്കാലില്‍ എത്താനുള്ള ഏക ആശ്രയവും ഈ റോഡാണ്. നൂറുകണക്കിന് കാല്‍നടയാത്രക്കാരും അതിലുമേറെ വാഹനങ്ങളുമാണ് നിത്യേന ശ്വാസം മുട്ടി ഇതുവഴി കടന്നുപോകുന്നത്.
പള്ളത്തിങ്കാല്‍ മുതല്‍ ചീച്ചക്കയ വരെ അഞ്ചുകിലോമീറ്റര്‍ റോഡ് 3.75 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. പ്രവര്‍ത്തിക്ക് ആവശ്യമായ ജോലിക്കാരില്ലാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പലയിടത്തായി ഒന്‍പത് കലുങ്കുകളാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഏഴര മീറ്റര്‍ വീതി വേണ്ട ഇതിന് അഞ്ചെണ്ണത്തിന് അഞ്ചരമീറ്ററായിരുന്നു വീതി.
പരാതിയെ തുടര്‍ന്ന് ഇവ പൊളിച്ചുമാറ്റേണ്ടിവന്നതും നിര്‍മാണം വൈകുന്നതിന് കാരണമായി. നിര്‍മാണം വിലയിരുത്താന്‍ കരാറുകാരനോ എന്‍ജിനീയറോ വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ റോഡില്‍ പലസ്ഥലങ്ങളിലും ആവശ്യത്തിന് വീതിയുമില്ല. ഒടുവില്‍ പ്രദേശത്തെ ഒരു ക്ലബിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി 40000 രൂപ ചിലവഴിച്ച് വീതികുറഞ്ഞ ഭാഗങ്ങളില്‍ വീതികൂട്ടുകയാണുണ്ടായത്.
റോഡുനിര്‍മാണം വൈകുന്നതിനാല്‍ ചുള്ളിക്കര, കൊട്ടോടി, ചീച്ചക്കയ, പ്രദേശങ്ങളിലെ നിരവധി യാത്രക്കാരാണ് യാത്രാക്ലേശമനുഭവിക്കുന്നത്. സ്കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന ഈ വഴിയില്‍ പൊടിനിറഞ്ഞതിനാല് കാല്‍നടയാത്രയും ദുസഹമായിരിക്കുകയാണ്. പള്ളത്തിങ്കാലില്‍ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നവര്‍ ഓട്ടം പോകേണ്ട പാത തുറന്നുകിട്ടാത്തതിനാല്‍ വരുമാനമില്ലാതെ കഷ്ടപ്പെടുന്നു.
വര്‍ഷങ്ങളായി ഇതുവഴി സര്‍വീസ് നടത്തിയിരുന്ന ബസ് നിര്‍മാണം ആരംഭിച്ചശേഷം അഞ്ചുമാസം വരെ സര്‍വീസ് നടത്തിയെങ്കിലും സോളിംഗ് ഇളകിയും പൊടി നിറഞ്ഞും യാത്ര ദുരിതമായതോടെ സര്‍വീസ് നിര്‍ത്തിവെച്ചു. തകര്‍ന്ന റോഡിലൂടെ സര്‍വീസ് നടത്താന്‍ ജീപ്പും ഓട്ടോയും തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡുനിര്‍മാണം എത്രയുംപെട്ടന്ന് പൂര്‍ത്തീകരിച്ച് യാത്രാദുരിതമകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിര്‍മാണം വേഗത്തിലാക്കിയില്ലെങ്കില്‍ റോഡ് നിര്‍മാണം തടയുമെന്ന് ഓട്ടോ തൊഴിലാളികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: