ചിറ്റൂര്‍: ഗാനകോകിലം പി. ലീല സ്മാരക സ്‌കൂള്‍ കെട്ടിടം ഇന്ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. ഗവ. വിക്‌ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി. ലീല സ്മാരക കെട്ടിടം രാവിലെ 9.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 2009 ല്‍ ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടമാണിത്.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയും പ്രശസ്ത പിന്നണി ഗായികയുമായ പുറയത്ത് വീട്ടില്‍ പി. ലീലയുടെ നിത്യസ്മരണയ്‌ക്കായാണ് പുതിയ കെട്ടിടത്തിന് ഈ പേരു നല്‍കിയിരിക്കുന്നത്. ആദ്യത്തെ രണ്ടു നിലകളില്‍ ഒന്‍പതു മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള മൂന്നു വീതം ക്ലാസ്മുറികളും മൂന്നാം നിലയില്‍ 18 മീറ്റര്‍ നീളവും ഒന്‍പതു മീറ്റര്‍ വീതിയുമുള്ള ഹാളുമായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഉപജില്ലയിലെ ഏക പെണ്‍പള്ളികൂടമായ ഗവ. വിക്‌ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യ-പാഠ്യാനുബന്ധ മേഖലകളില്‍ മിന്നുന്ന പ്രകടനം കാഴ്‌ച്ചെവച്ചുകൊണ്ട് നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിലേക്ക് വര്‍ഷംതോറും പ്രവേശനം വര്‍ധിച്ചുവരുന്നു.
വിദ്യാര്‍ഥിനികളെ വിന്യസിക്കാന്‍ ആവശ്യത്തിനു ക്ലാസ്മുറികളില്ലാതെ വിഷമിക്കുന്ന ഈ പ്രതിസന്ധിക്കു ഒരു പരിധിവരെ പരിഹാരം കാണുന്നതിന് കെ. അച്യുതന്‍ എംഎല്‍എയുടെ ശ്രമഫലമായി നിര്‍മിച്ചതാണ് ഈ കെട്ടിടം.
2012 ലാണ് കെട്ടിടത്തിന്റെ പണി തുടങ്ങിയത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് കെട്ടിടം അനുവദിച്ചതെങ്കിലും കുട്ടികള്‍ കൂടുതലായതിനാല്‍ ഹൈസ്‌കൂളിലെ ക്ലാസുകളില്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ട അവസ്ഥ കണക്കിലെടുത്ത് കെട്ടിടം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായാണ് നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ. അച്യുതന്‍ എംഎല്‍എ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: