അറുപതാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ചാമ്പ്യന്മാരായ കേരള ടീം
റാഞ്ചി: പതിനെട്ടിന്റെ നിറവില്‍ കേരളം. അറുപതാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം ഇന്നലെ സ്വന്തമാക്കിയത് തുടര്‍ച്ചയായ പതിനെട്ടാം കിരീടം. എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കേരളത്തിന്റെ തകര്‍പ്പന്‍ കുതിപ്പ്. ഇന്നലെ ട്രാക്കിലും ത്രോയിലും ജമ്പിനങ്ങളിലുമായി 14 സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവുമാണ് കേരളത്തിന്റെ കായിക കൗമാരതാരങ്ങള്‍ വെട്ടിപ്പിടിച്ചത്. ഇതോടെ ആകെ നേട്ടം 36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവുമടക്കം 88 മെഡലുകളായി. കഴിഞ്ഞ വര്‍ഷം ഇതേവേദിയില്‍ കേരളം 38 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവുമടക്കം 82 മെഡലുകളാണ് നേടിയിരുന്നത്. മെഡല്‍ നേട്ടത്തില്‍ രണ്ട് സ്വര്‍ണത്തിന്റെ കുറവ്.ന്ന എന്നാല്‍ മൊത്തം ആറെണ്ണം കൂടി.
ആകെ 206 പോയിന്റ് നേടിയാണ് കേരളം തുടര്‍ച്ചയായ 18 തവണയും ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടത്. 6 സ്വര്‍ണവും 20 വെള്ളിയും 11 വെങ്കലവുമടക്കം 80 പോയിന്റുള്ള തമിഴ്നാടിനാണ് രണ്ടാം സ്ഥാനം. 13 സ്വര്‍ണവും 7 വെള്ളിയും 10 വെങ്കലവുമടക്കം 70 പോയിന്റുള്ള മഹാരാഷ്ട്രയാണ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും 9 വെങ്കലവും നേടി 39 പോയിന്റുമായി ദല്‍ഹി നാലാം സ്ഥാനത്തെത്തി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രീയ വിദ്യാലയം, നവോദയ, സിബിഎസ്ഇ സ്കൂളുകള്‍ ഉള്‍പ്പെടെ 36 ടീമുകളാണ് ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ മാറ്റുരച്ചത്. ഇതില്‍ 14 ടീമുകള്‍ക്കാണ് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത്.
ആറ് വിഭാഗങ്ങളിലായി നടന്ന മീറ്റില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഒഴികെയുള്ള എല്ലാ വിഭാഗത്തിലും കേരളമാണ് ഒന്നാമത്. സീനിയര്‍ പെണ്‍കുട്ടികളില്‍ കേരളം 72 പോയിന്റ് നേടിയപ്പോള്‍ ആണ്‍കുട്ടികളില്‍ 44 പോയിന്റാണ് കേരള താരങ്ങള്‍ സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ യഥാക്രമം 18ഉം 44 പോയിന്റും നേടി കേരളം ഒന്നാമതെത്തിയപ്പോള്‍ സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ 26 പോയിന്റ് നേടി കേരളം ഒന്നാമതെത്തി. എന്നാല്‍ ഇതേ വിഭാഗം ആണ്‍കുട്ടികള്‍ക്ക് ആദ്യ രണ്ട് സ്ഥാനവും നേടാന്‍ കഴിഞ്ഞില്ല. 20 പോയിന്റുമായി ഒഡീഷ ഒന്നാമതും 12 പോയിന്റുമായി ദല്‍ഹി രണ്ടാം സ്ഥാനവും ഈ വിഭാഗത്തില്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: