കൊച്ചി: ആ മണ്ണിന് ജീവന്റെ വിലയുണ്ട്, ജീവിതത്തിന്റെ മണവും. വികസനത്തിന്റെ മറവില്‍ മണ്ണിനെ കാര്‍ന്നു തിന്നാന്‍ ശ്രമിക്കുന്ന ലാഭക്കൊതികള്ക്കുമേല് ഒരു ജനത കൈവരിച്ച വിജയത്തിന്റെ പ്രതീകം കൂടിയാണ് ആ ഒരു പിടിമണ്ണ്. പൈതൃക ഗ്രാമമായ ആറന്മുളയില് നിന്നും ഉപചാരപൂര്‍വ്വം കൊച്ചിയിലെത്തിച്ച നിറമണ്കുടത്തിന് മഹാനഗരം ഇന്നലെ വരവേല്‍പ്പ് നല്കി.
ആറന്മുളയുടെ നഷ്ടസൗഭാഗ്യങ്ങള്‍ വീണ്ടെടുക്കുക എന്ന സന്ദേശവുമായി കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന ചിത്ര പ്രദര്‍ശനത്തിനു മുന്നോടിയായാണ് പൈതൃകഭൂമിയില്‍ നിന്നുള്ള മണ്ണ് നഗരത്തിലെത്തിച്ചത്.
കേരളത്തിലെ പ്രമുഖരായ 45 ചിത്രകാരന്മാര് പമ്പാ നദിയുടെ തീരത്ത് താമസിച്ച് കാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആറന്മുളയുടെ നിറക്കൂട്ട് എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുക.
പ്രകൃതി വിഭവങ്ങളെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി നശിപ്പിക്കുന്ന മനുഷ്യന്റെ അത്യാര്‍ത്തിയും പ്രകൃതി നേരിടുന്ന വെല്ലുവിളികളും മനുഷ്യമനസ്സിന്റെ വിഹ്വലതകളും ചിത്രങ്ങള്‍ക്ക് വിഷയമാകുന്നു.
ഇതോടൊപ്പം ചരിത്രപ്രസിദ്ധമായ ആറന്മുള കണ്ണാടി, ആറന്മുള പള്ളിയോടം, തിരവോണത്തോണി,കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവുമുണ്ടാകും. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ടിഡിഎം ഹാളില്‍ നടന്ന ചടങ്ങില്‍ മണ്കലശം ട്രസ്റ്റ് ചെയര്മാന് കുമ്മനം രാജശേഖരന് ആര്‍ട്ടിസ്റ്റ് കെ.കെ വാര്യര്‍ക്ക് കൈമാറി. കാര്‍ഷിക സംസ്കൃതിയുടെ അഭിമാനകരമായ പൈതൃകം പേറുന്ന വിശിഷ്ടമായ മണ്ണാണ് ആറന്മുളയിലേതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ആര്‍ടിസ്റ്റ് ടി.കലാധരന്‍ അധ്യക്ഷനായിരുന്നു.പ്രകൃതിസംരക്ഷണം എന്ന ആശയവുമായി നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ 46-ാമത്തെ ചിത്രകാരനായി താനും അണി ചേരുകയാണെന്ന് ടി.കലാധരന്‍ പറഞ്ഞു.എ.കെ പുതുശ്ശേരി, പി.രാമചന്ദ്രന്, സി.ജി രാജഗോപാല്‍ എന്നിവരും സംസാരിച്ചു.
ടിഡിഎം ഹാളില്‍ നാളെ രാവിലെ 11 ന് കാനായി കുഞ്ഞിരാമന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എം.കെസാനു,അധ്യക്ഷനാകും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. ബിനോയ് വിശ്വം, എസ്.രമേശന് നായര്‍, കുമ്മനം രാജശേഖരന് തുടങ്ങിയവരും സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: