കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ സിഗ്നലിങ്, ടെലികോം ഇലക്ട്രിഫിക്കേഷന് എന്നിവയുടെ ജോലികള്‍ 2016 ആദ്യം പൂര്‍ത്തിയാകും. ഇവയുടെ നിര്‍മാണത്തിനുള്ള 65 ദശലക്ഷം യൂറോയുടെ കരാര്‍ അല്‍സ്റ്റോം ഇന്ത്യയ്ക്ക് ലഭിച്ചു. 2016 മാര്‍ച്ചില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മെട്രോ കോച്ചിനുള്ള കരാറും, ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്നും അല്‍സ്റ്റോമിനാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് കോച്ചുകള്‍ വീതമുള്ള 25 ട്രെയിനുകള്‍ 25 കിലോമീറ്റര്‍ ദൂരം വരുന്ന കൊച്ചി മെട്രോ റെയിലില്‍ സര്‍വീസ് നടത്തും. 22 സ്റ്റേഷനുകള്‍. തുടക്കത്തില്‍ മണിക്കൂറില്‍ 15,000 യാത്രക്കാരാണ് ലക്ഷ്യം.
കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് (സിബിടിസി) സിസ്റ്റമാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി അല്‍സ്റ്റോം നിര്‍മിക്കുന്നത്. പൂര്‍ണ സുരക്ഷിതത്വത്തില്‍ പരമാവധി വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ 12 കൊല്ലമായി ആഗോളതലത്തില്‍ 40 മെട്രോകള്‍ അല്‍സ്റ്റോം സാങ്കേതികവിദ്യയാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.
റേഡിയോ, സിസി ടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സംവിധാനം, പാസഞ്ചര്‍ അനൗണ്‍സ്മെന്റ് സംവിധാനം എന്നിവയും സിബിടിസിയില് ഉള്‍പ്പെടുന്നു. സര്‍വീസ് സ്റ്റേഷനുകള്‍, സ്വിച്ചിങ് ഏരിയകള്‍ എന്നിവ രൂപകല്പന ചെയ്ത് നിര്‍മിക്കുന്നതും സ്ഥാപിക്കുന്നതും അല്‍സ്റ്റോമാണ്.
ഇന്ത്യയിലെ മെട്രോ പ്രോജക്ടുകളുടെ സമഗ്ര വികസനത്തിന് അല്‍സ്റ്റോം സുസജമാണെന്ന് അല്‍സ്റ്റോം ട്രാന്‍സ്പോര്‍ട് ഏഷ്യ പസിഫിക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ഡൊമിനിക് പോളിക്കന് പറഞ്ഞു. പ്രോജക്ടിന്റെ എഞ്ചിനീയറിംഗ് വര്‍ക്കുകള്‍ ബാംഗ്ലൂരിലാണ് ചെയ്യുന്നത്. യന്ത്രസാമഗ്രികള്‍ ഫ്രാന്‍സില്‍ നിന്നാണ് എത്തിക്കുന്നത്. ഡെല്‍ഹി, ബാംഗ്ലൂര്‍, ജെയ്പൂര്‍ മെട്രോകളുടെ സിഗ്നലിങ് സിസ്റ്റം ലഭ്യമാക്കുന്നതും അല്‍സ്റ്റോമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: