റാഞ്ചി: അറുപതാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ നാലാം ദിനം കേരളത്തിന്റെ മിന്നുന്ന കുതിപ്പ്. 9 സ്വര്‍ണവും 4 വെള്ളിയും 7 വെങ്കലവുമാണ് മലയാളിതാരങ്ങള്‍ ഇന്നലെ ബിര്‍സമുണ്ട സ്‌റ്റേഡിയത്തിലെ ട്രാക്കില്‍ നിന്നു വാരിക്കൂട്ടിയത്. കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം 22 സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമടക്കം 124 പോയിന്റായി. ഇതോടെ തുടര്‍ച്ചയായ പതിനെട്ടാം തവണയും കിരീടം കേരളം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് നാല് സ്വര്‍ണ്ണവും 13 വെള്ളിയും 6 വെങ്കലവുമടക്കം 46 പോയിന്റുള്ള തമിഴ്‌നാടാണ്. എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളി, ആറ് വെങ്കലം നേടി 40 പോയിന്റുമായി മഹാരാഷ്‌ട്രയാണ് മൂന്നാമത്.
ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എം.വി. വര്‍ഷയിലൂടെയാണ് കേരളം സ്വര്‍ണവേട്ടക്ക് തുടക്കമിട്ടത്. 18 മിനിറ്റ് 04.5 സെക്കന്റിലാണ് വര്‍ഷ ഫിനിഷ് ചെയ്തത്.
ഈയിനത്തില്‍ വെള്ളിയും കേരളം നേടി. എല്‍. സുകന്യ 18 മിനിറ്റ് 31.1 സെക്കന്റില്‍ വെള്ളിയും സ്വന്തമാക്കി. മഹാരാഷ്‌ട്രയുടെ ദിവ്യ ബോറെക്കാണ് വെങ്കലം. അതേസമയം ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ ആദ്യലാപ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പിന്മാറിയതിനാല്‍ ഉറപ്പായ ഒരു സ്വര്‍ണ്ണംകേരളത്തിന് നഷ്ടമായി. 800 മീറ്റര്‍ ഹീറ്റ്‌സില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് 5000 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അഫ്‌സല്‍ പിന്മാറിയത്. ഈയിനത്തില്‍ കേരളത്തിന്റെ ഷെറിന്‍ ജോസ് 15 മിനിറ്റ് 23.6 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി.
ഉച്ചയ്‌ക്ക് മുന്‍പ് നടന്ന ആറ് ഹര്‍ഡില്‍സ് ഫൈനലുകളില്‍ നിന്ന് കേരളം മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും പിടിച്ചെടുത്തു. അപര്‍ണ റോയ്, ഡൈബി സെബാസ്റ്റ്യന്‍, മുഹമ്മദ് ഹഫ്‌സീര്‍ എന്നിവര്‍ ഹര്‍ഡില്‍സില്‍ പൊന്നണിഞ്ഞപ്പോള്‍ റിഥിക. കെ, ഓംകാര്‍നാഥ് എന്നിവര്‍ വെള്ളിയും മുംതാസ്. സി.എസ്, സൗമ്യ വര്‍ഗീസ്, ഡി. ശ്രീകാന്ത്, കെ. ഷംനാസ് എന്നിവര്‍ വെങ്കലവും മാറോടുചേര്‍ത്തു. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലും കേരളം ഇന്നലെ പൊന്നണിഞ്ഞു. 4.20 മീറ്റര്‍ ഉയര്‍ന്നുചാടി ചാക്കോ ജോസഫാണ് സ്വര്‍ണം നേടിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ കേരളം സ്വര്‍ണ്ണവും വെങ്കലവും സ്വന്തമാക്കി. അവസാന ശ്രമത്തില്‍ 12.35 മീറ്റര്‍ ചാടി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ വിനിജ വിജയനാണ് കേരളത്തിന് വേണ്ടി പൊന്നണിഞ്ഞത്. 12.06 മീറ്റര്‍ ചാടി കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ രഞ്ജുക. ഇ.ആര്‍ വെങ്കലം നേടിയപ്പോള്‍ 12.25 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ നന്ദിനി വെള്ളി നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ജി. നിഷ വെള്ളിയും നേടി.
എന്നാല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന അമല്‍ പി. രാഘവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതേവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ എന്‍.വി. സഹദ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ തേവര സേക്രട്ട്ഹാര്‍ട്ട് സ്‌കൂളിന്റെ താരമായ മനു ഫ്രാന്‍സിസ് 2.03 മീറ്റര്‍ ചാടി സ്വര്‍ണ്ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയിലും കേരളം ഇന്നലെ പൊന്നണിഞ്ഞു.ഇന്നലെ മീറ്റില്‍ ഒരു റെക്കോര്‍ഡ് മാത്രമാണ് പിറന്നത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഉത്തര്‍പ്രദേശിന്റെ ധീരേന്ദ്ര കുമാര്‍ 4.30 മീറ്റര്‍ചാടിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2009-ല്‍ കൊച്ചിയില്‍ ഉത്തര്‍പ്രദേശിന്റെ പ്രമേന്ദ്രകുമാര്‍ പട്ടേല്‍ സ്ഥാപിച്ച 4.20 മീറ്ററിന്റെ റെക്കോര്‍ഡാണ് ധീരേന്ദ്രകുമാര്‍ മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: