തിരുവനന്തപുരം: കോടികളുടെ അഴിമതി ആരോപണവും ബജറ്റ് വില്ക്കുന്നമന്ത്രിയെന്ന ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ നീക്കം വിനാശകരമാകും. മാണിയുടെ ബജറ്റവതരണം ഇനി എളുപ്പത്തില്‍ നടക്കില്ല. ജനങ്ങള്‍ വെല്ലുവിളി ഏറ്റെടുക്കും. മാണി രാജിവയ്ക്കുകയും മന്ത്രിസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയും വേണം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കാതെ തുടര്ന്നതുപോലൊരു സാഹചര്യം മാണിയുടെ കാര്യത്തില്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. മുരളീധരന് പറഞ്ഞു.
സുരേഷ്ഗോപിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് അദ്ദേഹം തന്നെ ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കും. ബിജെപി വിളിച്ചാല്‍ തീരുമാനമെടുക്കും എന്ന് സുരേഷ്ഗോപി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെ ധാരണയനുസരിച്ച് അദ്ദേഹം ഉചിതമായ സമയത്ത് നിലപാട് പരസ്യപ്പെടുത്തും. സുരേഷ് ഗോപിയെ പൂര്‍ണ്ണമനസ്സോടെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുരളീധരന് പറഞ്ഞു.
ആറന്മുളയില് ഗ്രീന്‍ ട്രൈബ്യൂണല്‍ വിമാനത്താവളത്തിനുവേണ്ടി അപേക്ഷ തള്ളിയ നിലപാടിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് അനുമതി നല്‍കില്ല എന്നതാണ്. ആറന്മുള വിമാനത്താവളം എന്ന അധ്യായം അവസാനിച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: