ആലപ്പുഴ: മഹാകവി കുമാരനാശാന് സ്മാരക സംഘത്തിന്റെ ഉടമസ്ഥതയിലുള്ള പല്ലന മഹാകവി കുമാരനാശാന് മെമ്മോറിയല്‍ ഹൈസ്കൂളില്‍ പ്രസിഡന്റ് തച്ചടി സോമന്റെ നേതൃത്വത്തില്‍ നടക്കുന്നത് നിയമവിരുദ്ധ ഭരണമാണെന്ന് സെക്രട്ടറി ഇടശേരി രവി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
10 വര്‍ഷമായി സ്കൂളിന്റെയും സംഘത്തിന്റെയും ഭരണം നടത്തുന്ന പ്രസിഡന്റ് സംഘം ബൈലയുടെയും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഭരണഘടനയുടെയും ലംഘനമാണ് നടത്തുന്നത്. പല്ലന എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ നാലു പ്രതിനിധികളും ഒമ്പത് കൗണ്‍സിലര്‍മാരും പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സ്കൂള്‍ കമ്മറ്റി. എന്നാല്‍ നാളിതുവരെ സ്കൂള്‍ കമ്മറ്റി കൂടിയിട്ടില്ല. കമ്മറ്റി കൂടാതെ തന്നെ ഏകപക്ഷീയമായി മാനേജര്‍ ഹൈസ്കൂളില്‍ 20 അദ്ധ്യാപക നിയമനങ്ങള്‍ നടത്തിയിട്ടുള്ളതും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് യാതൊരു ഉത്തരവാദിത്വവും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തില്‍ സ്കൂളിന്റെയും സ്മാരക സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സംഘത്തില്‍ നിയമാനുസൃതമുള്ള അംഗങ്ങളുടെ യോഗം ജനുവരി 25ന് വൈകിട്ട് മൂന്നിന് പല്ലന എംകെഎഎച്ച്എസ്എസില് നടക്കും. പത്രസമ്മേളനത്തില്‍ ഡോ. എം.ആര്. രവീന്ദ്രന്, കെ. രാമകൃഷ്ണന്, തോട്ടപ്പള്ളി രവീന്ദ്രനാഥ്, കെ.കെ. ചന്ദ്രന്, എന്‍. മോഹനന്, വി. ഭാസ്കരന്, പി. പങ്കജാക്ഷന്, ഒ. യൂനുസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: