പാലക്കാട്: അടുത്ത വര്‍ഷം കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ആരോഗ്യ മേഖലയ്ക്കും നല്കുന്ന പ്രാധാന്യം തുടരും. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടി മേഖലയിലെ ശിശുമരണം കുറച്ചുകൊണ്ടുവരുന്നതിന് ബന്ധപ്പെട്ട വകുപ്പുകളമായി സഹകരിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കും. അംഗപരിമിതരെ പുനരധിവസിപ്പിക്കുന്നതിനും എച്ച്.ഐ.വി ബാധിതര്‍ക്ക് അനുയോജ്യമായ തൊഴിലുകള്‍ കണ്ടെത്തി നല്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായി ഓരോ ഉപജില്ലയിലെയും ഓരോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വീതം തിരഞ്ഞെടുത്ത് അവയെ മാതൃകാ സ്കൂളുകളാക്കി മാറ്റും. അത്തരം സ്കൂളുകളുടെ സമഗ്ര പദ്ധതിക്കാവശ്യമായി പ്രത്യേക ഫണ്ട് നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 105.5 കോടിയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുക.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചയര്‍മാന്‍ കെ.ഇ ഹനീഫ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.സി അശോക് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി ജയന്തി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശ്രീജ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: