ന്യൂദല്‍ഹി: ഇതാദ്യമായി പൊതുബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും. ശനിയാഴ്ച ദിനമായ ഫെബ്രുവരി 28ന് സഭയില്‍ ബജറ്റവതരിപ്പിക്കുമ്പോള്‍ ഓഹരിവിപണികളെ ബാധിക്കില്ലെന്നത് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയകാര്യകാബിനറ്റ് സമിതി ഇന്നലെ ചേര്‍ന്നാണ് ബജറ്റ് സമ്മേളന തീയതികള്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യുടെ നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ക്ക് വേദിയാകുന്ന ബജറ്റ് സമ്മേളനമാണ് അടുത്തമാസം ആരംഭിക്കുന്നത്. വ്യാവസായിക മേഖലയുടെ പുനരുദ്ധാരണവും തൊഴിലവസരങ്ങളുടെ സൃഷ്ടിയും കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനവും നല്കുന്ന ബജറ്റായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തയ്യാറാക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ദൃശ്യമാകുന്നതും ‘സാമ്പത്തിക പരിഷ്ക്കരണ വിപ്ലവ’ത്തിന് വേണ്ട പ്രഖ്യാപനങ്ങള്‍ നടത്താന്‍ ധനമന്ത്രിക്ക് പ്രേരണയാകും. രണ്ടാം തലമുറ പരിഷ്ക്കരണങ്ങള്‍ക്ക് സമയം അതിക്രമിച്ചെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നേരത്തെ തന്നെ വന്നിരുന്നു. വ്യവസായ സൗഹൃദ ബജറ്റാകും അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുകയെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.
ഒന്‍പതു ക്യാബിനറ്റ് മന്ത്രിമാരേയും വകുപ്പ് സെക്രട്ടറിമാരേയും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് ഉപസമിതിയോഗം ബജറ്റ് സമ്മേളന തീയതി തീരുമാനിച്ചത്. ബജറ്റ് തയ്യാറാക്കുന്നതിന്റെ അവസാനവട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ എല്ലാ വകുപ്പുമന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം സമാപിച്ച ശീതകാല സമ്മേളനത്തില്‍ പാസാകാതിരുന്ന കല്‍ക്കരി പുനര്‍ലേല ബില്‍, ഇ-റിക്ഷകള്‍ക്ക് അനുകൂലമായ ബില്‍, പൗരത്വനിയമ ഭേദഗതി, ഭൂമിയേറ്റെടുക്കല്‍ നിയമം, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ ഭേദഗതി തുടങ്ങിയവ സമ്മേളന കാലത്ത് പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സഭാസമ്മേളനം തടസ്സപ്പെടുത്തി പ്രതിപക്ഷം മുന്നോട്ടു പോകുന്നതിനെതിരായ രാഷ്ട്രപതിയുടെ കര്‍ശന നിലപാടുകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് എന്താകുമെന്ന് ഏവരും ഉറ്റുനോക്കുന്നു. രാജ്യസഭയില്‍ എഐഎഡിഎംകെ, സമാജ്വാദി പാര്‍ട്ടി എന്നിവയുടെ പിന്തുണ കേന്ദ്രസര്‍ക്കാര്‍ ഇതിനകം ഉറപ്പാക്കിയെന്നാണ് സൂചനകള്‍. പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ പാര്‍ലമെന്റിന്റെ പൊതുസമ്മേളനം വിളിച്ച് ബില്ലുകള്‍ പാസാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: