തൃശൂര്‍: ആനകളെ മയക്കുവെടി വെയ്ക്കുന്ന മരുന്നിന്റെ വീര്യം കൂട്ടണമെന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ ആവശ്യം ആനകളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് വിലയിരുത്തല്‍.
നിലവില്‍ ഉപയോഗിച്ച് കൊണ്ടിരുന്ന മരുന്നിന് പകരം എട്രോഫിന് എന്ന മരുന്ന് ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്ന് കൊണ്ട് വെടിവെച്ചാല്‍ അര മണിക്കൂര്‍ സമയത്തിനുള്ളിലാണ് മയങ്ങി വിഴുക. എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്ന് കൊണ്ട് ആനകളെ മയക്കുവെടി വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തളര്‍ന്ന് വിഴുമെന്ന് പറയുന്നു.
പെട്ടെന്നുള്ള വീഴ്ച്ച ആനകളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് പറയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്ന് ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ അടുത്ത് മറു മരുന്ന് കൈവശവെക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇത്രയും മാരകമായ വീര്യമുള്ള മരുന്ന് ഉപയോഗിക്കാന്‍ പറയുന്നതില്‍ ഏറെ ദുരുഹതയുള്ളതായി പറയുന്നു.
മരുന്ന് ഉപയോഗം സംബന്ധിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ച നടത്തുകയും ഇതിന്റെ ഗുണദോഷഫലങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ആനകളെ കുറിച്ചും ശരീരഘടനയെകുറിച്ചും വേണ്ടത്ര ആലോചിക്കാതെയാണ് ഇത്തരം മരുന്ന് ഉപയോഗിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എലിഫെന്റ് സ്ക്വാഡിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും വനം,മൃഗസംരക്ഷണ വകുപ്പുകള്‍ പരിശീലനം നല്‍കണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: