തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ മാണിക്കെതിരായ ആരോപണത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. തിരുവനന്തപുരത്ത് വി.എസ്.ഡി.പിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്.
കേസില്‍ ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെ സ്വാധീനിക്കാന്‍ മന്ത്രി പി.ജെ.ജോസഫ് ശ്രമിച്ചു എന്ന് തെളിയിച്ചാല്‍ കേരളാ കോണ്‍ഗ്രസ് (എം) മന്ത്രിമാരും ചീഫ് വിപ്പായ താനും രാജിവയ്ക്കാമെന്നും ജോര്‍ജ്ജ് പറഞ്ഞു.
ബാര്‍ കോഴയുടെ പേര് പറഞ്ഞ് കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താമെന്ന് ആരും കരുതേണ്ട. മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി തന്നെ പാര്‍ട്ടിയുണ്ടാവും. യു.ഡി.എഫ് വിടണമെങ്കിലും തീരുമാനം ഒറ്റക്കെട്ടായി എടുക്കുമെന്നു ജോര്‍ജ്ജ് വ്യക്തമാക്കി. പത്ത് നാല്പത് കൊല്ലമായി മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ് രാഷ്ട്രീയക്കാര്‍. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തും പറയാം. എന്നാല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
മാണി പണം ചോദിച്ചതിനുള്ള ശബ്ദരേഖ ആരുടെയെങ്കിലും കൈയിലുണ്ടോ, ജോസഫ് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശബ്ദരേഖയുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ അത് കൊണ്ടുവരണം. അല്ലാതെ ദിവസം ഒന്നരക്കോടി നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്ന ബാറുകാരന് പറയുന്നത് കേട്ട് ഇറങ്ങിപ്പുറപ്പെടുകയല്ല വേണ്ടത്. മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ ആരെന്ന് കണ്ടുപിടിക്കാന്‍ വേണ്ടിയാണ് ബിജു രമേശിനോട് സ്നേഹത്തില്‍ സംസാരിച്ചതെന്നും ചിഫ് വിപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: