തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കേ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ കേസിന്റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടരും. കേസ് അവസാനിപ്പിക്കാനുള്ള മുന്‍ തീരുമാനത്തില്‍ പിശക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഫെബ്രുവരി അഞ്ചിന് പരിഗണിക്കാനിരുന്ന കേസ് സര്‍ക്കാര്‍ ആവശ്യപ്രകാരം നേരത്തെ പരിഗണിക്കുകയായിരുന്നു. ചില പിഴവുകള്‍ സംഭവിച്ചുവെന്നും അതിനാല്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഒന്നാം പ്രതി ഒഴികയുള്ളവര്ക്കെതിരേയുള്ള കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് പുനപരിശോധിച്ചത്. ഐഎഎസ് അസോസിയേഷനും പ്രതിപക്ഷവും കെപിസിസി അധ്യക്ഷനും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് ആദ്യം തീരുമാനത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിന്നീട് നിലപാട് മാറ്റി കേസ് തുടരാന്‍ നിര്‍ദ്ദേശം നല്‍കിയത്.
2012 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീന്‍, പ്രവര്‍ത്തകരായ അജിനാസ്, അന്‍സാര്‍, ഷമീം, ശ്രീലാല്‍, വിഘ്നേശ്, ഷാനവാസ്, സാദിഖ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ തുടര്‍ന്ന് സിപ്പി നൂറുദ്ദീനെ കെ.എസ്.യുവില്‍ നിന്ന് പുറത്താക്കി. പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5 ലക്ഷം രൂപ കെട്ടിവച്ച ശേഷമാണ് അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചത്. കേസന്വേഷിച്ചിരുന്ന അന്നത്തെ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷീന്‍ തറയില്‍ 2013 മാര്‍ച്ച് 13ന് കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നിലവില്‍ വയനാട് കളക്ടറാണ് കേശവേന്ദ്രകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: