തിരുവനന്തപുരം:ബാര്‍കോഴക്കേസില്‍ ബോംബുകള്‍ പൊട്ടിയതോടെ യുഡിഎഫ്കുത്തഴിഞ്ഞ് പൊളിഞ്ഞുതുടങ്ങി. മുന്നണിയില്‍ ആര്‍ക്കും പരസ്പരം വിശ്വാസമില്ലാതായി. കേസില്‍ കനകം മാത്രമല്ല കാമിനിയുംകൂടി കടന്നുവന്നതോടെ യുഡിഎഫ് അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാണ്.
ആര്.ബാലകൃഷ്ണപിള്ളയെ പുറത്താക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് (മാണി)യുടെ ആവശ്യം.പുറത്താക്കിയാല്‍ സന്തോഷമെന്നും അങ്ങനെവന്നാല്‍ താന്‍ കൂടുതല്‍ കരുത്തനാകുമെന്നും പിള്ള പറയുന്നു. അങ്ങനെ പുറത്താക്കാന്‍ പറ്റില്ലെന്ന് മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്. കാര്യങ്ങള്‍ ഇങ്ങനെ പോകാന്‍ അനുവദിക്കാന്ആവില്ലെന്ന് മറ്റ് ഘടക കക്ഷികള്‍.
പാര്‍ട്ടിയുടെയും മുന്നണിയുടേയും നാശം മുന്നില്‍ കണ്ടിട്ടും മിണ്ടാനാകാതെ കെപിസിസി പ്രസിഡന്റ് സുധീരന്. വിവാദങ്ങളും വെളിപ്പെടുത്തലുകളും യുഡിഎഫിനെ നാശത്തിന്റെ വക്കിലെത്തിച്ചു. പിള്ള പുറത്തായാല്‍ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം.
കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മിലും ഘടകകക്ഷികള്‍ പരസ്പരവും പോരടിക്കുന്നതിനിടയിലാണ് ഇന്നലെ കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിലെ കാമിനിയും രംഗം കൊഴുപ്പിച്ചത്.
ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസ് തോമസ് വൈകിട്ട് അഞ്ചിന് ഡോ. ബിജു രമേശിന്റെ വീട്ടിലെത്തിയതായിരുന്നു നാടകീയ സംഭവം. ബിജുവിനെ കാണാനായില്ല. പക്ഷെ ചാനലുകളിലൂടെ തന്റെ സാന്നിദ്ധ്യം അറിയിച്ച് ബിന്ധ്യാസ് മടങ്ങിയെങ്കിലും അവര്‍ ബാര്‍ കോഴ സംബന്ധിച്ച വിവരങ്ങളുടെ ചുരുളഴിച്ചാണ് പോയത്. താന്‍ വന്നതിന്റെ കാര്യം ബിജു രമേശിനറിയാമെന്നാണ് ബിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ താന്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ലെന്നും പി.സി. ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബിന്ധ്യാസ് എത്തിയതുമെന്നായിരുന്നു ബിജുവിന്റെ പ്രതികരണം.
മാണിക്കെതിരെ തെളിവുകള്‍ നല്‍കാമെന്നും കാണാന്‍ സമയം ആവശ്യപ്പെട്ടും ബിന്ധ്യാസ് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ ബിജു മാധ്യമങ്ങളെ കാണിച്ചു. ഇതോടെ മാണിയെ കുരുക്കാന്‍ അണിയറയില്‍ വലിയ പദ്ധതികള്‍ അരങ്ങേറുന്നുണ്ടെന്നുറപ്പായി. പി.സി.ജോര്‍ജും ആര്.ബാലകൃഷ്ണപിള്ളയുമാണ് മാണിക്കെതിരെയുള്ള അഴിമതിക്കഥകള്‍ പുറത്തു വിടുന്നതെന്നും ഇതോടെ വ്യക്തമായി. വരുംദിവസങ്ങളില്‍ ആര് എന്ത് വെളിപ്പെടുത്തലുകള്‍ നടത്തുമെന്നറിയാതെ നടുങ്ങിയിരിക്കുകയാണ് യുഡിഎഫ്.
തനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച ബാലകൃഷ്ണ പിള്ളയെ യുഡിഎഫില്‍നിന്നും പുറത്താക്കണമെന്ന് കേരള േകാണ്‍ഗ്രസ് എം മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ലീഗും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുന്നണി മര്യാദ ലംഘിച്ചെന്ന് ആരോപിച്ച് യുഡിഎഫില്‍നിന്ന് പുറത്താക്കിയാല്‍ സന്തോഷമേ ഉള്ളൂവെന്നും തനിക്ക് വെളിപ്പെടുത്താന്‍ പലതുമുണ്ടെന്നും പിള്ള ഭീഷണി മുഴക്കി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ കാലം താന്‍ മുതല്‍ വീര്‍പ്പുമുട്ടുകയാണ്. എട്ടു മാസം മാത്രം ശിക്ഷിക്കപ്പെട്ട തന്നെ എട്ടു മാസവും 15 ദിവസവും ജയിലിലിട്ടാണ് ഉമ്മന്‍ ചാണ്ടി സ്നേഹം പ്രകടിപ്പിച്ചതെന്നും പിള്ള തുറന്നടിച്ചു.
ഒരു മന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടുണ്ടെന്നും പിള്ള ആരോപിക്കുന്നു. ബാലകൃഷ്ണ പിള്ള പറഞ്ഞതെല്ലാം സത്യമാണെന്ന് ഗണേഷ് കുമാറും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സുധീരന് മൗനം പാലിക്കുകയാണ്. ബാര്‍ കോഴ വിഷയത്തിലെ നിലപാട് ആരാഞ്ഞ് കഴിഞ്ഞദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട കേരള കോണ്‍ഗ്രസുകാര്‍ക്ക് നല്കിയ മറുപടി കെ.എം. മാണിക്ക് യുക്തമായ തീരുമാനം എടുക്കാമെന്നായിരുന്നു.
ബാര്‍ കോഴ ആരോപണം ഉണ്ടായ ആദ്യ കാലങ്ങളിലൊഴികെ മാണിയെ പ്രതിരോധിക്കാന്‍ വി.എം. സുധീരന് മുന്നോട്ട് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിവാദങ്ങള്‍ പാര്‍ട്ടിയെ പൊള്ളിച്ചതോടെ യുഡിഎഫ് 28ന് വൈകിട്ട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പെട്ടെന്ന് യോഗം ചേരുകയും പിള്ളയെ പുറത്താക്കുകയും ചെയ്താല്‍ യുഡിഎഫിനെ തകര്‍ക്കുന്ന ബോംബുകള്‍ പൊട്ടും. ബാര്‍ കോഴയുമായി ബന്ധപ്പെട്ടു പിള്ളയുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഈ മൊഴിയെടുപ്പു കഴിയും മുന്‍പ് പിള്ളയെ പുറത്താക്കിയാല്‍ അപകടം ചെയ്യും. മൊഴി നല്കുമ്പോള് സ്വര്ണക്കടക്കാരുടെയും അരിമില്ലുകാരുടെയും കാര്യം പിള്ള പറഞ്ഞാല്‍ രണ്ടു കേസുകള്‍കൂടി മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇതിനിടെ മാണിക്കെതിരെ 27.43 കോടിയുടെ അഴിമതി ആരോപണവുമായി വി.ശിവന്‍കുട്ടി എംഎല്‍എയും രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: