ഇന്നു പേറില്ല, കീറാണെന്നു പറഞ്ഞത് കവി കുഞ്ഞുണ്ണിമാഷായിരുന്നു. അതു പറഞ്ഞത് കാല്‍ നൂറ്റാണ്ടിനു മുമ്പ്. ഇപ്പോള്‍ കീറിന്റെ തോത് കൂടിക്കൂടി വരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഫാഷന്‍ മുതല്‍ സൗകര്യം തുടങ്ങി ഒരു മാനസികാവസ്ഥ പോലുമായിരിക്കുകയാണ് കീറ്. അതിനെ സിസേറിയന്‍ എന്ന് വിളിച്ചാല്‍ മാന്യതകൂടും. അതുമൊരു ഫാഷനാണ്.
എന്നെ നൊന്തുപെറ്റ അമ്മയെന്ന് മക്കള്‍ക്കും ഞാന്‍ നൊന്തു പ്രസവിച്ച മക്കളെന്ന് അമ്മയ്‌ക്കും പറയാനാവാത്ത കാലമാണിത്. കാരണം പേറ്റുനോവനുഭവിക്കാനുള്ള മടിയില്‍ വേദനയറിയാതെ പ്രസവിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് പലരും തേടുന്നത്. അവരും പക്ഷേ മക്കളോടു വീമ്പു പറയുമ്പോള്‍ നൊന്തുപെറ്റെന്നു പറഞ്ഞുകളയുമെന്നു മാത്രം.
ഒരു കുഞ്ഞിന് ജന്മം നല്‍കി ആ കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുമ്പോഴേ സ്ത്രീയുടെ ജീവിതത്തിന് സമ്പൂര്‍ണത കൈവരികയുള്ളുവെന്നാണ് പറയാറ്. മാതൃത്വത്തിന്റെ മഹത്വം അനുഭവിച്ചറിയുകതന്നെ വേണം. ഗര്‍ഭധാരണവും പ്രസവവുമെല്ലാം ജീവിതത്തിലെ നിര്‍ണായഘട്ടമാണ് എന്നതില്‍ തര്‍ക്കമില്ല. അത് പണ്ടുതൊട്ടേ അങ്ങനെ തന്നെയാണ്.
ഒരു ഭ്രൂണം കുഞ്ഞായി രൂപാന്തരം പ്രാപിച്ച് ഗര്‍ഭകാലം പിന്നിട്ട് ഭൂമിയില്‍ പിറന്നുവീഴുന്നതുവരെ വേണ്ടപ്പെട്ടവര്‍ക്കെല്ലാം അതൊരു പ്രാര്‍ത്ഥനാകാലം കൂടിയാണ്. നമ്മുടെ പഴമക്കാര്‍ അന്നത്തെ പ്രസവരീതിയെക്കുറിച്ചെല്ലാം എത്ര ലാഘവത്തോടെയാണ് സംസാരിച്ചിരുന്നത്.
പെറ്റെണീറ്റുടനെ നെല്ല് കുത്താന്‍ പോയതും തൊഴിലിടത്തില്‍ പണിയെടുക്കാന്‍ പോയതും മറ്റും കേള്‍ക്കുമ്പോള്‍ തെല്ലൊരു അതിശയോക്തിയില്ലേ എന്നു തോന്നാമെങ്കിലും പ്രസവം അന്ന് ഇന്നത്തെപ്പോലെ അത്ര കോംപ്ലിക്കേറ്റഡ് ആയിരുന്നില്ല എന്നുതോന്നിപ്പോകും. തികച്ചും സ്വാഭാവികമായ രീതിയിലായിരുന്നു പ്രസവം. എന്നാലിന്ന് ഗര്‍ഭധാരണം ഒരു രോഗകാലവും പ്രസവം ഒരു ചികിത്സാ മാര്‍ഗ്ഗവുമായി കണക്കാക്കുന്നവരാണ് കൂടുതലും.
യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെങ്കിലും സ്വാഭാവിക പ്രസവത്തിന് ശ്രമിക്കാതെ തനിക്ക് സിസേറിയന്‍ മതിയെന്ന് ഡോക്ടറോട് ആവശ്യപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നത് ആശങ്കയോടെവേണം ആരോഗ്യകേരളം കാണാന്‍. മുമ്പത്തേക്കാളും ഉപരിയായി സംസ്ഥാനത്ത് സിസേറിയന്‍ പ്രസവ നിരക്ക് വര്‍ധിച്ചു.
2010 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 8.5 ശതമാനം സിസേറിയന്‍ പ്രസവങ്ങളാണ് നടന്നിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിസേറിയന്‍ നടത്തുന്നവരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ കേരളവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണം പെരുകുന്നു. സ്വകാര്യ ആശുപത്രികളിലായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ സിസേറിയന്‍ സാധാരണമായിരുന്നതെങ്കില്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളും ഇക്കാര്യത്തില്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച സ്ഥാപനം എന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ പറയുന്ന മുദ്രാവാക്യം പോലെയാണിന്ന് സിസേറിയന്‍ കണക്ക്. ആശുപത്രികള്‍ പറയുന്നു, ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടത്തിയിട്ടുള്ളത് ഇവിടെയാണെന്ന്!!
സ്വകാര്യ ആശുപത്രികളില്‍ സ്വാഭാവിക പ്രസവം സാധ്യമാകുമായിരുന്നാലും സിസേറിയന്‍ നിര്‍ദ്ദേശിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ലാഭേച്ഛമാത്രമാണ് ഇതിന് പിന്നില്‍. സാധാരണ പ്രസവം കഴിഞ്ഞാല്‍ രണ്ടുദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെങ്കില്‍ ശസ്ത്രക്രിയയാണെങ്കില്‍ പിന്നെയും ആശുപത്രിവാസം നീളും.
ഗര്‍ഭാവസ്ഥയില്‍ എന്തെങ്കിലും സങ്കീര്‍ണതകളുണ്ടെങ്കില്‍, ട്രീറ്റ്‌മെന്റിലൂടെ ഗര്‍ഭം ധരിച്ചതാണെങ്കില്‍ ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സിസേറിയന്‍ സാധാരണ നിര്‍ദ്ദേശിക്കപ്പെടാറുള്ളു. എന്നാലിപ്പോള്‍ നോര്‍മല്‍ ഡെലിവറിയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറാവാത്ത സ്ഥിതിവിശേഷവും വിരളമില്ല.
സിസേറിയന്‍ ഒഴിവാക്കാനാവാതെ വരുന്നതെപ്പോള്‍
സിസേറിയന്‍ അടിയന്തിര ഘട്ടത്തില്‍ മാത്രമേ നിര്‍ദ്ദേശിക്കാന്‍ പാടുള്ളു. പ്രസവ തീയതി കഴിഞ്ഞിട്ടും സ്വാഭാവിക പ്രസവം സാധ്യമല്ലാതെ വരികയോ മറ്റു സങ്കീര്‍ണതകള്‍ സംഭവിക്കുകയോ, കുഞ്ഞിന്റെ ഭാരം അധികമാവുകയോ, കുഞ്ഞിന്റെ കിടപ്പില്‍ അസ്വാഭാവികത ഉണ്ടാവുകയോ ഇരട്ടക്കുട്ടികളായിരിക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഡോക്ടര്‍മാര്‍ സാധാരണഗതിയില്‍ സിസേറിയന്‍ നിര്‍ദ്ദേശിക്കാറുള്ളു.
സിസേറിയന്‍ വര്‍ധിക്കാനുള്ള കാരണം
പ്രവസ വേദനയോടുള്ള അമിതമായ ഭയം കാരണം ന്യൂജെന്‍ പെണ്‍കുട്ടികള്‍ത്തന്നെയാണ് സിസേറിയന്‍ മതിയെന്ന് ആവശ്യപ്പെടാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജ്യോതിഷപരമായ കാരണങ്ങളാള്‍ പ്രസവം നേരത്തെയാക്കുന്നവരും നീട്ടിവയ്‌ക്കുന്നവരും സിസേറിയനെയാണ് ആശ്രയിക്കുന്നത്. ഇന്നെത്തെ കാലത്ത് പെണ്‍കുട്ടികള്‍ വിവാഹിതയാകുന്നതും ഗര്‍ഭം ധരിക്കുന്നതും ഏറെ വൈകിയാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണ സാധ്യതയും കുറവാണ്.
അങ്ങനെ വരുമ്പോള്‍ വന്ധ്യതാ ചികിത്സക്ക് വിധേയരാവുകയും ഗര്‍ഭം ധരിച്ചാല്‍ സുഖപ്രസവത്തിന് വിമുഖത കാട്ടുകയും ചെയ്യുന്നു. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ മാത്രമേ ഇന്നത്തെ കാലത്ത് ഒരുവിധം തട്ടിംമുട്ടിം ജീവിക്കാന്‍ പറ്റു എന്നിരിക്കെ തൊഴില്‍ ഭദ്രത ഒരു പ്രധാന ഘടകമാണ്. ഐടി മേഖലയില്‍ ജോലി നോക്കുന്ന സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് പ്രഗ്നന്‍സി കാലയളവില്‍ നീണ്ട അവധി എടുക്കാന്‍ സാധിക്കാതെ വരുന്നു.
അങ്ങനെയൊക്കെ വരുമ്പോള്‍ തൊഴില്‍ സ്ഥിരത ഉറപ്പുവരുത്താനാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുക. ഗര്‍ഭം ധരിക്കലും പ്രസവിക്കലും പിന്നീടാകാം എന്നായിരിക്കും ചിന്ത. പക്ഷേ പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനുള്ള സാധ്യതക്കും മങ്ങല്‍ ഏല്‍ക്കുന്നു. ചികിത്സകളിലൂടെ ഗര്‍ഭം ധരിച്ചവര്‍ സുഖപ്രസവത്തിന് ശ്രമിക്കാതെ ഒരു റിസ്‌ക്കെടുക്കല്‍ ഒഴുവാക്കുകയും ചെയ്യുന്നു.
സിസേറിയനിലെ സങ്കീര്‍ണതകള്‍
മറ്റേതൊരു ശസ്ത്രക്രിയയ്‌ക്കും ഉള്ളതുപോലെതന്നെയുള്ള സങ്കീര്‍ണതകള്‍ സിസേറിയന്‍ ചെയ്യുമ്പോഴും ഉണ്ട്. ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണ് സിസേറിയന്‍. അനസ്‌തേഷ്യകാരണത്താലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ശസ്ത്രക്രിയാ സമയത്തുണ്ടാകുന്ന രക്തസ്രാവം, ശസ്ത്രക്രിയക്ക് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഇതൊന്നും തള്ളിക്കളയാന്‍ സാധ്യമല്ല. സിസേറിയന്‍ ചെയ്തവരില്‍ നടുവേദന പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്.
സിസേറിയന്‍ വര്‍ധിക്കുന്നതിനെതിരെ ഡബ്ല്യു എച്ച് ഒയും
ശരാശരി 30 ശതമാനത്തില്‍ കൂടുതല്‍ പ്രസവങ്ങള്‍ ശസ്ത്രക്രിയ വഴിയാകുന്നത് അസ്വാഭാവികമാണെന്നാന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആദ്യ പ്രസവ കേസുകളില്‍ പരമാവധി 15 ശതമാനമേ സിസേറിയന്‍ ആകാവൂ.
കൃത്യമായ കണക്കു ലഭ്യമല്ലെങ്കിലും എറണാകുളം, കൊല്ലം ജില്ലകളിലെ ചില മേഖലകളിലെ സ്വകാര്യ ആസ്പത്രികളില്‍ 90 ശതമാനത്തിലേറെയാണ് സിസേറിയന്‍ നിരക്ക്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആസ്പത്രികളില്‍ കൂടുതലും നടക്കുന്നത് സിസേറിയനാണ്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ വിദഗ്ധ ചികിത്സാസൗകര്യങ്ങളുടെ അഭാവം, ഗര്‍ഭിണികളുടെ നിര്‍ബന്ധം, സ്വകാര്യ ആസ്പത്രികളില്‍നിന്നു റഫര്‍ ചെയ്യുന്ന സങ്കീര്‍ണ പ്രസവങ്ങള്‍ എന്നിവയാണു സിസേറിയന്‍ നിരക്ക് ഉയരാന്‍ കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്.
പ്രസവവേദന ഓര്‍ത്തുള്ള ഉത്കണ്ഠകാരണം സിസേറിയന്‍ ആവശ്യപ്പെടുമ്പോള്‍ പലരും മറന്നുപോകുന്ന ഒന്നുണ്ട്. അത് സ്വന്തം ആരോഗ്യത്തെക്കുറിച്ചും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുമാണ്.
സുഖപ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി, ബന്ധങ്ങളുടെ ഊഷ്മളത, ബുദ്ധിശക്തി, ഓര്‍മശക്തി എന്നിവ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. സിസേറിയന്‍ ഒഴിവാക്കി സുഖ പ്രസവത്തെ പ്രോത്സാഹിപ്പിക്കാന്‍ കൗണ്‍സിലിംഗ് പോലുള്ള കാര്യങ്ങള്‍ സക്രിയമാക്കേണ്ടതും കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.
എന്തായാലും ഇവിടെ തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. സിസേറിയന്‍ വേണ്ടെന്നു വെക്കണം, അത് ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമല്ലെങ്കില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: