ബ്രിസ്ബെയ്ന്‍: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. രണ്ടാം മത്സരത്തില്‍ ധോണിപ്പടയെ ഇംഗ്ലണ്ട് 9 വിക്കറ്റിന് തച്ചുതകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.3 ഓവറില്‍ വെറും 153 റണ്‍സിന് ഓള്‍ഔട്ടായി. ഇംഗ്ലണ്ട് 27.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം കളഞ്ഞ് ലക്ഷ്യം മറികടന്നു. തുടര്‍ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. നേരത്തെ ഓസ്ട്രേലിയയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയിച്ചാലെ ധോണിക്കും കൂട്ടര്‍ക്കും ഫൈനല്‍ പ്രതീക്ഷയുള്ളു. സ്കോര്‍; ഇന്ത്യ153 (39.3). ഇംഗ്ലണ്ട്- 1ന് 156 (27.3).
മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മ പേശിവലിവുമൂലം കരയ്ക്കിരുന്നതിന്റെ കുറവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഇംഗ്ലീഷ് പേസര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അഞ്ചു വിക്കറ്റ് പിഴുത സ്റ്റീഫന്‍ ഫിന്നും നാലുപേരെ പുറത്താക്കിയ ജെയിംസ് ആന്‍ഡേഴ്സനും തീതുപ്പിയപ്പോള്‍ ഇന്ത്യയുടെ ന്യൂജന്‍ പ്രതിഭകള്‍ ചൂളി.
ശിഖര്‍ ധവാന് (1), വിരാട് കോഹ്ലി (4), അമ്പാട്ടി റായിഡു (23), സുരേഷ് റെയ്ന (1) എന്നിവരെല്ലാം അതിവേഗം ബാറ്റുവച്ചു കീഴടങ്ങി. അജിന്‍ക്യ രഹാനെ 33 റണ്‍സ് നേടി. ഒരുഘട്ടത്തില്‍ 5ന് 67 എന്ന നിലയിലായിരുന്നു ഇന്ത്യ. സ്റ്റ്യുവര്‍ട്ട് ബിന്നിയുടെയും (44) എം.എസ്. ധോണിയുടെയും (34) പോരാട്ടമാണ് ഇന്ത്യന്‍ സ്കോര്‍ 150 കടത്തിയത്. ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഉലയ്ക്കാനുള്ള ബൗളിംഗ് കരുത്തൊന്നും ഇന്ത്യയ്ക്കില്ലായിരുന്നു. മൊയീന്‍ അലി (8) ബിന്നിയുടെ പന്തില്‍ തുടക്കത്തില്‍ പുറത്തായി. എങ്കിലും അര്‍ധ ശതകങ്ങള്‍ നേടിയ ഇയാന്‍ ബെല്ലും (88 നോട്ടൗട്ട്) പുതമുഖം ജെയിംസ് ടെയ്ലറും (56 നോട്ടൗട്ട്) ചേര്‍ന്ന് ആതിഥേയരെ അനായാസം വിജയതീരമണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: