തൃശൂര്‍: ഈ മാസം അവസാനം ആരംഭിക്കുന്ന ദേശീയ ഗെയിംസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഈയാഴ്ച മുതല്‍ ആരംഭിക്കും. തൃശൂര്‍ നഗരത്തില്‍ ആയിരത്തിലധികം പോലീസുകാരെയും 776 വളണ്ടിയര്‍മാരെയുമാണ് സുരക്ഷചുമതലകള്ക്കായി നിയോഗിക്കുന്നത്. കോര്പറേഷന് സ്റ്റേഡിയം, വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
താരങ്ങള്‍ താമസിക്കുന്ന ലോഡ്ജുകളില്‍ കര്‍ശന സുരക്ഷയൊരുക്കും. ലോഡ്ജുകളില്‍ പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു. രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ സുരക്ഷ സന്നാഹങ്ങള്‍ സ്വഭാവികമായും ഉള്ളതിനാല്‍ കൂടുതല്‍ സുരക്ഷ അവിടെ ഒരുക്കുന്നില്ല. ഷൂട്ടിംഗ് മത്സരങ്ങള്‍ക്കാണ് പോലീസ് അക്കാദമി വേദിയാകുന്നത്.കോര്പറേഷന് സ്റ്റേഡിയത്തില്‍ വനിതാ ഫുട്ബോളും വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെയ്റ്റ് ലിഫ്റ്റിംഗ്, ജൂഡോ എന്നീ മത്സരങ്ങളുമാണ് നടക്കുക. സ്റ്റേഡിയത്തിനകത്തും പുറത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞതായി സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് പറഞ്ഞു.
ദേശീയ ഗെയിംസിന് ഇത്തരത്തിലുള്ള സുരക്ഷ സംവിധാനമൊരുക്കുകയെന്നത് പതിവാണെന്നും അതിന്റെ ഭാഗമായാണ് സുരക്ഷയെന്നും കമ്മീഷണര്‍ വ്യക്തമാക്കി.വേദികള്‍ക്കരികിലുള്ള വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇവിടെ താമസിക്കുന്നവരുടേയും മറ്റും വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. ഗതാഗതസംവിധാനം സുഗമമാക്കുന്നതിന് വേണ്ട നടപടികള്‍ പോലീസ് ആസൂത്രണം ചെയ്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: