തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ ഇന്നു വിജിലന്‍സിനു നല്കുമെന്നു ബാര്‍ ഹോട്ടലുടമ അസോസിയേഷന് നേതാവ് ബിജു രമേശ്. പി.ജെ. ജോസഫ് സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവ് ഉള്‍പ്പെടെ ഇന്നു വിജിലന്‍സിനു കൈമാറും.
മാണിയുടെ മേശപ്പുറത്തു ബാറുടമ അനിമോന് അഞ്ച് കോടി രൂപ വച്ചതിന്റെ തെളിവും ഇന്നു വിജിലന്‍സിന് കൈമാറും. മറ്റു പ്രധാന തെളിവുകള്‍ കോടതിക്കു കൈമാറും. വിജിലന്‍സിനു നല്കുന്ന തെളിവുകള്‍ ചോരുന്നുണ്ട്. അതിനാലാണു പ്രധാന തെളിവുകള്‍ കോടതിയില്‍ നല്കാന് തീരുമാനിച്ചത്. വിജിലന്‍സില്‍ ഇപ്പോള്‍ വിശ്വാസമില്ല.
തന്നോട് സംസാരിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ കള്ളം പറഞ്ഞതിനാലാണ് ടെലിഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. കെ.എം. മാണിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും തന്റെ കൈവശമുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ വിജിലന്‍സിനു കൈമാറില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളുമായുള്ള സംഭാഷണങ്ങള്‍ തന്റെ കൈവശമുണ്ട്. 16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണങ്ങളാണു തന്റെ ഹാര്‍ഡ് ഡിസ്ക്കിലുള്ളത്. സമയമാകുമ്പോള്‍ അതു പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ അസോസിയേഷന് യോഗത്തില്‍ കെ.എം. മാണിക്ക് കോഴകൊടുത്തതു സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തലും ചര്‍ച്ചയുടെ വിശദാംശങ്ങളടങ്ങിയ സിഡി ഇന്നലെ വിജിലന്‍സിനു കൈമാറുമെന്നാണ് ബിജു രമേശ് പറഞ്ഞത്. വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി വിന്‍സന്റ് എം. പോളിനോട് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ബിജുരമേശിനെ കാണാന്‍ കൂട്ടാക്കിയില്ല.
താന്‍ സ്ഥലത്തില്ലെന്നും അതിനാല്‍ ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതലയുള്ള വിജിലന്‍സ് എസ്പി സുകേശനെ കാണണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. സുകേശനെ ബന്ധപ്പെട്ടപ്പോഴും സ്ഥലത്തില്ലെന്ന മറുപടിയാണു കിട്ടിയതെന്നും ബിജു രമേശ് പറഞ്ഞു. ബിജുവിന്റെ പക്കല്‍ നിന്ന് തെളിവുകള്‍ സ്വീകരിക്കുന്നത് വിജിലന്‍സ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: