കോഴിക്കോട്: ഇരുള് മൂടിയ കണ്ണുകള്‍ ഭൂമിയിലെ വര്‍ണ്ണങ്ങളെ അകറ്റിയെങ്കിലും അവന് പാടി- സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണ് ഈ ജന്മഭൂമി. അന്ധതയെ തോല്‍പ്പിച്ചു ആത്മവിശ്വാസത്തോടെ ദേശഭക്തി ഗാനം ആലപിക്കുമ്പോള്‍ കൃഷ്ണകിഷോറിന്റെ മനസ്സ് തെല്ലും പതറിയില്ല. സംഘത്തിലെ മറ്റുള്ളവരെ പോലെ തന്നെയായിരുന്നു അവനും.
കാസര്‍കോട് എടനീര്‍ ഗവ. സാമിജീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൃഷ്ണകിഷോര്‍ വൈകല്യങ്ങളെ തോല്‍പ്പിച്ചാണ് കലോത്സവ വേദിയിലെ സജീവ സാന്നിദ്ധ്യമായിരിക്കുന്നത്. സംസ്ഥാന സ്കൂള്‍ ദേശഭക്തിഗാന മത്സരത്തില്‍ കൃഷ്ണകിഷോറിന്റെ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
അധ്യാപകന് ക്ലാസ്സില്‍ പറയുന്ന കാര്യങ്ങള്‍ റിക്കാര്‍ഡ് ചെയ്താണ് കൃഷ്ണകിഷോര്‍ പഠിക്കുന്നത്. അന്ധനായിട്ടും ജനറല്‍ സ്കൂളില്‍ പഠിക്കുന്ന കൃഷ്ണകിഷോറിന് എസ്എസ്എല്‍സി പരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
വെള്ളിക്കോത്ത് കൃഷ്ണഭട്ടിന് കീഴില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന കൃഷ്ണകിഷോര്‍ മികച്ചകീബോര്ഡ് വാദകന്‍ കൂടിയാണ്. സ്വന്തമായി പഠിച്ചെടുത്തതാണിത്. പരിപാടി അവതരിപ്പിക്കാനും പോകാറുണ്ട്. കേട്ട് പഠിക്കാന്‍ പ്രത്യേക കഴിവാണ് കൃഷ്ണകിഷോറിനെന്ന് അമ്മ സത്യഭാമ പറയുന്നു. ജില്ലാ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള കൃഷ്ണകിഷോര്‍ അച്ഛനെ വേര്‍പിരിഞ്ഞ ദുഃഖവുമായാണ് കോഴിക്കോട്ടെത്തിയത്.
കഴിഞ്ഞ ജനുവരിയിലായിരന്നു അച്ഛന്റെ മരണം. എന്നും പ്രോത്സാഹനമായി കൂടെയുണ്ടായിരുന്ന അച്ഛന്റെ മരണം കൃഷ്ണകിഷോറിനെ തളര്‍ത്തി. സാധാരണക്കാരായ കുടുംബത്തെ കൃഷിയില്‍ നിന്നുള്ള വരുമാനംകൊണ്ട് അമ്മയാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. വിദ്യാര്‍ത്ഥികളായ രണ്ട് സഹോദരിമാരുമുണ്ട് കൃഷ്ണകിഷോറിന്. എന്ത് പ്രതിബന്ധമുണ്ടായാലും മകന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ തന്നെയാണ് സത്യഭാമയുടെ തീരുമാനം. ഇന്ന് നടക്കുന്ന ഹയര്‍ സെക്കന്ററി വിഭാഗം സംഘഗാനത്തിലും കൃഷ്ണകിഷോര്‍ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: