തിരുവനന്തപുരം: മുതിര്‍ന്ന യുഡിഎഫ് നേതാവ് ആര്. ബാലകൃഷ്ണ പിള്ള ധനമന്ത്രി കെ.എം മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി രംഗത്ത്. ബാറുകാരില്‍ നിന്ന് മാണി കോഴവാങ്ങിയെന്ന് വ്യക്തമാക്കിയ പിള്ള, മാണിക്കെതിരെ 23 കോടിയുടെ പുതിയ അഴിമതി ആരോപണം കൂടി ഉന്നയിച്ചു.
ഇതെല്ലാം താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും പിള്ള വെളിപ്പെടുത്തി. ഇതോടെ മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഊരാക്കുടുക്കിലായി. സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണ്. ബാറുടമ ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പിള്ള ഗുരുതരമായ അഴിമതിക്കഥകള്‍ വെളിപ്പെടുത്തിയത്. നവംബറില്‍ നടന്ന ഫോണ്‍ സംഭാഷണം ഇന്നലെയാണ് പുറത്തായത്.
മാണിക്കെതിരായ പോരാട്ടത്തില്‍ ബിജു രമേശിന് പിന്തുണ പ്രഖ്യാപിച്ച പിള്ള, മാണിയെ വിടരുതെന്നും സിബിഐ അന്വേഷണം തേടണമെന്നും ബിജുവിനെ ഉപദേശിക്കുന്നുമുണ്ട്. മാണി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയത് ഉമ്മന്‍ചാണ്ടിക്കറിയാം. ഗണേശും താനുമിക്കാര്യം ഉമ്മന്‍ചാണ്ടിയോട് സൂചിപ്പിച്ചതാണ്.
ബാറുടമകളില്‍ നിന്ന് മാത്രമല്ല, സ്വര്‍ണ വ്യാപാരികളില്‍ നിന്ന് 19 കോടിയും അരിക്കച്ചവടക്കാരില് നിന്ന് രണ്ട് കോടിയും വൈറ്റ് സിമന്റുകാരില് നിന്ന് രണ്ടു കോടിയും മാണി വാങ്ങി. പിള്ള ബിജു രമേശിനോട് പറഞ്ഞു.
ടെലിഫോണ്‍ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ രക്ഷപ്പെടാനുള്ള സകല പഴുതുകളും മാണിക്ക് മുമ്പില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ബാലകൃഷ്ണപിള്ളയ്ക്ക് പുറമെ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്ജും ബിജുരമേശിന് പിന്തുണയുമായി എത്തിയിരുന്നതായി ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വെളിപ്പെടുന്നു. ഇതോടെ ബാര്‍കേസിലെ അഴിമതിക്കഥകള്‍ ഒതുക്കിതീര്ക്കാനാകാത്തവിധം ശക്തമായി.
ബാര്‍കോഴ ആരോപണത്തിന് പുറമെ പിള്ളയുടെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്കിയാല് മാണിക്ക് മുന്നിലെ മാര്‍ഗം മന്ത്രി സ്ഥാനം ഒഴിയുക, നിയമനടപടി നേരിടുക എന്നത് മാത്രമാണ്. പരാതി കിട്ടിയാല്‍ വിജിലന്‍സിന് ക്വിക് വെരിഫിക്കേഷന് നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. പിള്ളയുടെ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷം മാണിയുടെ രാജി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. മാണി നടത്തിയ അഴിമതി അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചുവെന്നത് ഉമ്മന്‍ചാണ്ടിയെയും വെട്ടിലാക്കും. മാണി തെറ്റുകാരനല്ലെന്ന് ബാര്‍കോഴ വന്നയുടനെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ പിള്ളയുടെ ആരോപണത്തോടെ മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം ആക്രമണം ശക്തമാക്കും. ഇതോടെ യുഡിഎഫിന്റെ നില കൂടുതല്‍ പരുങ്ങലിലാകും.
ബാര്‍ കോഴ കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. തൊട്ടുപിറകേയാണ് യുഡിഎഫിലെ ഘടക കക്ഷി നേതാവുതന്നെ അഴിമതിയാരോപണവുമായി രംഗത്തുവരുന്നത്. ബാലകൃഷണപിള്ളയ്ക്ക് പുറകെ സ്വന്തം പാളയത്തില്‍ നിന്ന് പിസി ജോര്‍ജ്ജും മാണിക്കെതിരായി ബിജുവിന് പിന്നിലുണ്ട് എന്നത് മാണിയെ അശക്തനാക്കും.
പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പിള്ളയെ ഇനിയും മുന്നണിയില്‍ ചുമക്കേണ്ടതില്ലെന്നാണ് മുന്നണി േനതാക്കള്‍ പറയുന്നത്. അടുത്ത മുന്നണി യോഗത്തോടെ കേരള കോണ്‍ഗ്രസ് ബിയെ യുഡിഎഫില്‍നിന്നും പുറത്താക്കാനുള്ള അന്തിമ തീരുമാനം ഉണ്ടായേക്കും. എന്നാല്‍ പുറത്താക്കുന്നതിന് മുമ്പ് യുഡിഎഫില്‍ നിന്ന് പിള്ളയും പാര്‍ട്ടിയും പുറത്ത് ചാടുമെന്നും വിവരമുണ്ട്.
ബാര്‍കോഴ പുതിയ തലങ്ങളിലേക്കു കടന്നതില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ അതൃപ്തരാണ്. എന്നാല്‍ കെ.എം. മാണിയോടു രാജിവയ്ക്കണമെന്നു പറയാന്‍ ധൈര്യം കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ മാണിതന്നെ തീരുമാനമെടുക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. മാണിക്കെതിരായ കോഴ വിവാദങ്ങള്‍ ഇപ്പോള്‍തന്നെ സര്‍ക്കാരിനെ ബാധിച്ചുകഴിഞ്ഞു.
ബാര്‍ കോഴ വിവാദം ഉടലെടുത്തപ്പോള്‍തന്നെ മാണി രാജിവച്ചിരുന്നെങ്കില്‍ വിഷയം ഇത്രയും മോശമാകില്ലായിരുന്നുവെന്നുമാണ് വാദം. പ്രത്യക്ഷത്തില്‍ രാജി ആവശ്യപ്പെടുന്നില്ലെങ്കിലും മാണിയുടെ രാജിക്കായി കോണ്‍ഗ്രസില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്. എന്നാല്‍ രാജിവയ്ക്കാന്‍ മാണി ഒരുക്കമല്ല. മാണിക്കെതിരായ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: