തിരുവനന്തപുരം: ദേശീയ ഗെയിംസിന് 10 ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ഉദ്ഘാടകനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരില്ലെന്ന് ഉറപ്പായി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുവെങ്കിലും ഉപരാഷ്ട്രപതിയുടെ വരവ് സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും ദേശീയ ഗെയിംസ് ഉദ്ഘാടനം, സമാപന ചടങ്ങുകള്‍ക്കെത്തുമെന്നാണ് കായിക മന്ത്രി പറഞ്ഞത്. എന്നാല്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അസൗകര്യം അറിയിച്ചതോടെ കേന്ദ്രകായികമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സഹായത്തോടെ ഉപരാഷ്ട്രപതിയെ കൊണ്ടുവരാനായി സര്‍ക്കാര്‍ നീക്കം. എന്നാല്‍ ദേശീയ ഗെയിംസ് വിവാദങ്ങളുടെ നടുവിലായതോടെ ഉപരാഷ്ട്രപതിയുടെ വരവും അനിശ്ചിതത്വത്തിലാണ്.
എങ്ങനെയങ്കിലും ഉപരാഷ്ട്രപതിയെ എത്തിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഇതിനിടെ ഇന്ന് നടക്കുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ പങ്കെടുക്കാനായി സച്ചിന് ടെണ്ടുല്‍ക്കര്‍ തലസ്ഥാനത്തെത്തി. വിമാനത്താവളത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ദേശീയ ഗെയിംസ് സിഈഒ ജേക്കബ് പുന്നൂസ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവര്‍ ചേര്‍ന്ന് സച്ചിനെ സ്വീകരിച്ചു. ഇന്ന് രാവിലെ 10.30ന് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന മെഗാ റണ്ണില്‍ സച്ചിന് പങ്കെടുക്കും.
രാവിലെ 10.30ന് ഗവര്‍ണര്‍ പി. സദാശിവം കൂട്ടഓട്ടം ഫഌഗ്ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിലെ സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ സച്ചിന് ഓടും. ഇതിനു ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കായികപ്രേമികളെ അദ്ദേഹം അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍ തുടങ്ങിയവരും സച്ചിനൊപ്പം ഓടും. ജില്ലാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 21 മെഗാ റണ്ണുകള്‍ക്കും 226 മിനി മെഗാറണ്ണുകള്ക്കും 10,000 കേന്ദ്രങ്ങളില്‍ നടക്കുന്ന സാധാരണ റണ്ണുകള്‍ക്കും കേരളം ഇന്ന് സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കൂട്ടയോട്ട സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്സ് മുതലായ അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: