കൊട്ടാരക്കര: ബാര്‍കോഴയില്‍ കെ.എം.മാണി ബാറുടമകളില്‍ നിന്നും പണം പറ്റുന്നതായുള്ള ആരോപണം മുഖ്യമന്ത്രിയോടു താന്‍ പറഞ്ഞതാണെന്നും ഇതു നിഷേധിക്കുന്ന ഉമ്മന്‍ചാണ്ടി പരുമല പള്ളിയിലെത്തി സത്യം ചെയ്യാന്‍ തയ്യാറാണോയെന്നും കേസ് സിബിഐക്ക് വിടാത്തത് എന്താെണന്നും ആര്.ബാലകൃഷ്ണപിള്ള.
ചാനലുകള്‍ പുറത്തുവിട്ട ബിജുരമേശുമായുള്ള ഫോണ്‍ സംഭാഷണം തന്റേതാണ്. അതിലുള്ള കാര്യങ്ങളില്‍ നിന്നും അല്പംപോലും പിന്നോട്ടു പോകിെല്ലന്നും പിള്ള കൂട്ടിചേര്‍ത്തു. കൊട്ടാരക്കരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പിള്ള.
എന്നാല്‍ ഫോണ്‍സംഭാഷണം റെക്കോഡ് ചെയ്ത് ബ്ലാക്ക്മെയില്‍ ചെയ്യുന്നത് മര്യാദയല്ല. നിസാരമായ വാളകം കേസ് സിബിഐക്കുവിട്ട സര്‍ക്കാര്‍ ഇത്രയും പ്രമാദമായ കേസ് സിബിഐക്കു വിടാത്തത് എന്തുകൊണ്ടാണ്.
ബിജു രമേശിന്റെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ചതും ആവശ്യവുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശിച്ചതും ഇക്കാരണം കൊണ്ടാണെന്നും പിള്ള പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ഒരുപാടു ദ്രോഹിച്ചു. പോലീസും വിജിലന്‍സും അപകടമെന്നു കണ്ടെത്തിയ കേസ് സിബിഐക്കു വിട്ടത് മനപൂര്‍വം തന്റെ പേര് ചീത്തയാക്കാന്‍ വേണ്ടിയായിരുന്നു. വാളകം കേസില്‍ നാലരവര്‍ഷം തന്നെ സിബിഐക്കു മുന്നില്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു .
ബാര്‍കോഴ പുറത്തുവരുന്നതിനു മുമ്പാണ് ക്ലിഫ്ഹൗസില്‍ എത്തി താനും ഗണേഷും മുഖ്യമന്ത്രിയെ കണ്ടത്. ബാറുടമകളില്‍ നിന്നും മാണി പണം വാങ്ങുന്നതായി അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഒരക്ഷരം മിണ്ടാതെ താടിക്ക് കൈകൊടുത്ത് ഇരിക്കുകയാണ് ചെയ്തത്. രണ്ടു മന്ത്രിമാരെ കുറിച്ചുള്ള ആരോപണങ്ങള്‍ എഴുതി നല്കി ഒന്നരവര്‍ഷമായിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സ്വര്ണ്ണക്കടക്കാര് മാണിക്കു പണം നല്‍കിയത് ഇലക്ഷന് കാലത്താണ്. റൈസ്മില്ലുടമകള് പണം നല്കാന് പോയപ്പോള്‍ തന്റെ അടുത്തുവന്നിരുന്നു. പണം താന്‍ കണ്ടില്ലെങ്കിലും പണം നല്കാന് പോകുകയാണെന്ന കാര്യം അവര്‍ പറഞ്ഞിരുന്നു. മറ്റു ചില കാര്യങ്ങളും തനിക്ക് അറിയാം.
മാണി കുറ്റവിമുക്തനാണെന്നു പ്രഖ്യാപിച്ച യുഡിഎഫ് യോഗത്തില്‍ കേരളാകോണ്‍ഗ്രസ്(ബി) പങ്കെടുത്തിട്ടില്ല. അന്വേഷണം നടത്താന്‍ തീരുമാനിച്ചവര്‍ തന്നെ യോഗം ചേര്‍ന്നു കുറ്റവിമുക്തനാണെന്നു പറയുന്നത് ശരിയായ കാര്യമല്ല. ഇടമലയാര്‍ കേസില്‍ താന്‍ ശിക്ഷ അനുഭവിച്ചത് അഴിമതി കാട്ടിയതിനല്ല. 200 ചാക്ക് കാണാത്തതിനാണ് തന്നെ കോടതി ശിക്ഷിച്ചത്. അന്നൊന്നും തന്റെ ഭാഗം പറയാന്‍ ആരും ഉണ്ടായില്ല. നടപടിയെ ഭയമില്ല. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ അഴിമതി കാട്ടിയവരെ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞിട്ടില്ലെന്നും അഴിമതി നടത്തിയാല്‍ സഹിക്കാമെന്ന് യുഡിഎഫില്‍ ധാരണയില്ലെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: