കൊച്ചി: ഒരേ ദിവസം തന്നെ മൂന്ന് വ്യത്യസ്തരോഗികളിലായി മൂന്ന് പ്രധാന അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ അമൃത ആശുപത്രിയ്ക്ക് അപൂര്‍വ്വനേട്ടം. കഴിഞ്ഞ ജനുവരി 5 നാണ് ചെറുകുടല്‍, ഹൃദയം, കരള്‍ എന്നിവ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ ഒരേ സമയം വിജയകരമായി നടത്തിയത്.
റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച മിനി ആന്റണിയാണ് ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ, ചെറുകുടല്‍ എന്നിവ ദാനം ചെയ്തത്. ഇതില്‍ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമാണ്.
ചെറുകുടല്‍ മാറ്റല്‍ ശസ്ത്രക്രിയ
ഇരിഞ്ഞാലക്കുട സ്വദേശിനിയായ അറയ്ക്കല്‍ വീട്ടില്‍ സീന ഷോജനാണ് (37) ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായത്. കഴിഞ്ഞ 6 വര്‍ഷത്തോളമായി സീനയ്ക്ക് ചെറുകുടലിന് അസുഖം ബാധിച്ച് പലപ്രാവശ്യമായി ചെറുകുടല്‍ മുറിച്ചു മാറ്റേണ്ടതായി വന്നു. സാധാരണ ഒരു മനുഷ്യനിലെ ചെറുകുടലിന്റെ നീളം 5 മുതല്‍ 6 മീറ്റര്‍ വരെയാണ്. ഏറ്റവും കുറഞ്ഞത് 2 മീറ്ററെങ്കിലും സാധാരണ ജീവിതത്തിന് ആവശ്യമാണ്. എന്നാല്‍ സീനയില്‍ 96 സെ.മീ. മാത്രമേ ചെറുകുടല്‍ അവശേഷിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ഒരു മാസത്തോളമായി സീന വളരെ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം രക്തക്കുഴലുകളിലൂടെയാണ് നല്‍കിയിരുന്നത്. ഈ അവസ്ഥയില്‍ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റു പരിഹാരമാര്ഗ്ഗങ്ങളുണ്ടായിരുന്നില്ല. ശസ്ത്രക്രിയ 6 മണിക്കൂറോളം നീണ്ടുനിന്നു. ശസ്ത്രക്രിയയ്ക്കുശേഷം സീന ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മാറ്റിവച്ച ചെറുകുടലിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തിരിച്ചുവരാന്‍ ഏകദേശം 2 മാസം എടുക്കും. ഈ സമയം സീന ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ ഡോ.സുധീന്ദ്രന്‍, ഡോ. സുധീര്‍, ഡോ.ദിനേശ് ബാലകൃഷ്ണന്, ഡോ. രാമചന്ദ്രന്, ഡോ. രാഘവേന്ദ്ര, ഡോ. ദത്താരാം, ഡോ. ഉണ്ണികൃഷ്ണന്, ഡോ. പുനീത് ധര്, ഡോ. വിജു, ഡോ. സന്തോഷ്, അനസ്തേഷ്യോളജിസ്റ്റ്മാരായ ഡോ. ലക്ഷ്മി, ഡോ. മുരുഘേഷ്, നഴ്സിങ്ങ് സ്റ്റാഫ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
നോര്‍ത്ത് പറവൂരിലുള്ള വട്ടേപറമ്പില് ഗിരീഷിനാണ് (45) ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോമയോപ്പതി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഗിരീഷ്. കാര്‍ഡിയോ വാസ്ക്കുലര്‍ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ.പ്രവീണ്‍ വര്‍മ്മയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അമൃത ആശുപത്രിയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഏകദേശം 15 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ പൂര്‍ണ്ണമായും സൗജന്യമായാണ് മാതാ അമൃതാനന്ദമയി മഠം ചെയ്തുകൊടുത്തത്. ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ശസ്ത്രക്രിയാ ചെലവും അമൃതാനന്ദമയി മഠമാണ് വഹിച്ചത്.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
കോട്ടയം സ്വദേശി വലിയതോട്ടത്തില്‍ ഹൗസില്‍ സിന്ധുവിനാണ് (30 വയസ്സ്) കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയത്. കരളിനു ഗുരുതരമായ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന സിന്ധു ശസ്ത്രക്രിയക്കായി അവയവദാതാവിനെ കാത്തിരിക്കയായിരുന്നു.
കേരളാ ഗവണ്മെന്റിന്റെ നോഡല്‍ ഏജന്‍സിയായ കേരള നെറ്റവ്ര്‍ക്ക് ഫോര്‍ ഷെയറിംഗിന്റെ സഹായത്തോടുകൂടിയാണ് ഈ അവയവം മാറ്റിവയ്ക്കലുകള്‍ സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: