തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ഈ വര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടില്ലെന്ന് കേരള സെല്‍ഫ് ഫൈനാന്‍സിങ് എന്‍ജിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവേശന പരീക്ഷയ്ക്ക് രണ്ട് പേപ്പറിനും മിനിമം 10 മാര്‍ക്ക് വേണമെന്ന നിബന്ധന പിന്‍വലിക്കണം. ഇങ്ങനെ അയോഗ്യരാകുന്ന വിദ്യാര്‍ഥികള്‍ അന്യ സംസ്ഥാനങ്ങളില്‍ പോയി പഠിക്കും. സര്‍ക്കാരിന് വിട്ടുനല്‍കുന്ന 50 ശതമാനം സീറ്റിലേക്ക് മാത്രം പ്രവേശന പരീക്ഷ മതി. മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ പ്ലസ്ടുവിന്റെ മാര്‍ക്ക് നോക്കി പ്രവേശനം നടത്തണം.
സാമുദായിക-സാമ്പത്തിക സംരണക്രമത്തിനനുസരിച്ച് എസ്ഇബിസി കുട്ടികള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് നല്‍കണം. പ്രവേശന പരീക്ഷാ ഫോറത്തിന്റെ വില 750ല്‍നിന്ന് 1000 ആക്കി ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കണം. ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫോം ലഭിക്കാനായി പ്ലസ്ടു സ്കൂളുകള്‍ വഴിയും വില്ലേജ് ഓഫീസുകള്‍ വഴിയും ഫോമുകള്‍ വിതരണം ചെയ്യണം.
അന്യ സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. 57500 സീറ്റുകള്‍ ഉള്ളതില്‍ 30000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാണ് ഇതിന് കാരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്തി പ്രവേശനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് കെ. ശശികുമാര്‍, സെക്രട്ടറി കെ.എം. മൂസ, ട്രഷറര്‍ പി. ജെ. പൗലോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: